Sunday, May 19, 2024
spot_img

അനാച്ഛാദനം ചെയ്ത് മണിക്കൂറുകൾക്കകം ഗാന്ധിപ്രതിമ അടിച്ചു തകർത്തു!!! പ്രതിഷേധം ശക്തം

മെല്‍ബണ്‍: ഓസ്‌ട്രേലിയയിൽ അനാച്ഛാദനം ചെയ്ത് മണിക്കൂറുകൾക്കകം ഗാന്ധിപ്രതിമ തകർത്തു (Gandhi Statue Vandalised In Melbourne). ഇന്ത്യൻ സർക്കാർ സമ്മാനിച്ച മഹാത്മാ ഗാന്ധിയുടെ വെങ്കല പ്രതിമയാണ് തകർത്തത്. വിക്ടോറിയയിലെ റോവില്ല ഓസ്‌ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി ഹാളിൽ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അനാച്ഛാദനംചെയ്ത പ്രതിമയാണ് മണിക്കൂറുകൾക്കകം തകർത്തത്. ശക്തിയേറിയ ആയുധംകൊണ്ടാണ് പ്രതിമ അടിച്ചു തകർത്തതെന്ന് പോലീസ് അറിയിച്ചു.

അതേസമയം ആക്രമണത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അപലപിച്ചു. രാജ്യത്തിന് അപമാനകരമായ സംഭവം ഞെട്ടലുണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു. സാംസ്കാരിക പൈതൃകങ്ങളെ നശിപ്പിക്കുന്നവരെ വച്ചുപൊറുപ്പിക്കില്ല. വൈവിധ്യത്തെയും കുടിയേറ്റക്കാരെയും സ്വീകരിക്കുന്നവരിൽ ലോകത്തുതന്നെ മുമ്പിലുള്ള രാജ്യമാണിതെന്നും മോറിസൺ പറഞ്ഞു.

75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് ഇന്ത്യ ഓസ്ട്രേലിയക്ക് പ്രതിമ സമ്മാനിച്ചത്.
എന്നാൽ സംഭവം ഞെട്ടിച്ചെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് ഓഫ് വിക്ടോറിയ പ്രസിഡന്റ് സൂര്യപ്രകാശ് സോണി പറഞ്ഞു. മൂന്നു ലക്ഷത്തോളം ഇന്ത്യക്കാരാണ് വിക്ടോറിയ സംസ്ഥാനത്തുള്ളത്. ഗാന്ധിപ്രതിമ തകർത്തതിനെതിരെ നിരവധി പ്രതിഷേധങ്ങളും ഉണ്ടായി. അതേസമയം സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മഹാത്‌മാ ഗാന്ധിയുടെ പൂര്‍ണകായ പ്രതിമ സാമൂഹിക വിരുദ്ധരാണ് തകർത്തതെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Latest Articles