Thursday, May 2, 2024
spot_img

പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം; ബൈഡനുമായുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 24 ന്; താലിബാനു കീഴിൽ ചൈനയും പാകിസ്ഥാനും അഫ്ഗാനിൽ സ്വാധീനമുറപ്പിക്കുന്നതുൾപ്പെടെ ചർച്ചയായേക്കും

വാഷിങ്ഡൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടൻ, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളുടെ ഭരണതലവന്മാരുമായി നരേന്ദ്രമോദി ഉഭയ കക്ഷി ചർച്ചകൾ നടത്തും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡൻ്റ് കമല ഹാരിസ് എന്നിവരുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 24 നാണ് നടക്കുക. 2019ന് ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി ഹർഷ്.വി. ശൃംഗ്ല എന്നിവരടങ്ങിയ ഉന്നതതല സംഘവും പ്രധാനമന്ത്രിയെ യാത്രയിൽ അനുഗമിക്കും.

അഫ്ഗാനിസ്ഥാനിലെ സാഹചര്യവും, ആഗോള ഭീകരവാദവും പ്രധാന ചർച്ചയാകും. വൈറ്റ് ഹൗസിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ക്വാഡ് യോഗത്തിൽ പങ്കെടുക്കുന്നതിന് ഒപ്പം ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെയും ഈ സന്ദർശനകാലയളവിൽ നരേന്ദ്രമോദി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം നിർണ്ണായക ഗുണഫലങ്ങളാകും സുരക്ഷാ, വാണിജ്യ, ശാസ്ത്ര, തൊഴിൽ മേഖലകളിൽ രാജ്യത്തിന് സമ്മാനിയ്ക്കുക എന്ന് വിദേശകാര്യ സെക്രട്ടറി അവകാശപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ജോബ് ബൈഡനെ വൈറ്റ് ഹൗസിൽ സന്ദർശിക്കുന്ന പ്രധാനമന്ത്രി അഫ്ഗാൻ വിഷയം, വ്യാപാര കരാർ, സൈനിക സഹകരണം , സാങ്കേതിക കൈമാറ്റം അടക്കമുള്ള വിഷയങ്ങൾ ഉന്നയിക്കും.

അതേസമയം ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ, ഇംഗ്ലണ്ടിന്റെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ തുടങ്ങിയ രാഷ്ട്രതലവന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.വാഷിംഗ് ടണിൽ എത്തുന്ന പ്രധാനമന്ത്രി പ്രമുഖ കമ്പനികളുടെ സി.ഇ.ഒ മാരുമായ് കൂടിക്കാഴ്ച നടത്തും. ആപ്പിളിന്റെ തലവൻ ടിം കുക്ക് അടക്കമുള്ളവരുമായും പ്രധാനമന്ത്രി ചർച്ച നടത്തുക. 26ന് പ്രധാനമന്ത്രി അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിൽ മടങ്ങിയെത്തും.

കഴിഞ്ഞ വർഷം 75-ാം സഭ വെർച്ച്വലായാണ് സംഘടിപ്പിച്ചത്. ആഗോള ഭീകരതയും, കാലാവസ്ഥാ വ്യതിയാനവും, ആഫ്രിക്കൻ രാജ്യങ്ങളിലെ രാഷ്‌ട്രീയ അസ്ഥിരതയും ഇന്ത്യയാണ് ഏറെ പ്രധാന്യത്തോടെ ലോകത്തിന് മുന്നിൽ വച്ചത്. നരേന്ദ്രമോദിയുടെ വിമർശനങ്ങൾ ഐക്യരാഷ്‌ട്രസഭയുടെ പ്രവർത്തനത്തിൽ പ്രകടമായ മാറ്റങ്ങളായിരുന്നു വരുത്തിയത്. ഇത്തവണ താലിബാനു കീഴിൽ ചൈനയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനിൽ സ്വാധീനമുറപ്പിക്കുന്നതിലുള്ള ആശങ്ക മോദി അറിയിക്കും. വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസുമായുമുള്ള പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചയും ഈ സന്ദർശനകാലയളവിൽ നടക്കും.

Related Articles

Latest Articles