Wednesday, May 22, 2024
spot_img

കർക്കിടക വാവ് പ്രമാണിച്ച് ബലിതർപ്പണ കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിൽ സുരക്ഷാ കാരണങ്ങളാൽ മദ്യ നിരോധനമേർപ്പെടുത്തി ജില്ലാ ഭരണകൂടം, പ്രധാന ബലിതർപ്പണ കേന്ദ്രമായ അരുവിപ്പുറത്ത് മദ്യനിരോധനം പ്രഹസനമെന്ന് ആരോപണം

തിരുവനന്തപുരം: കർക്കിടക വാവ് പ്രമാണിച്ച് ജൂലൈ 17 ന് തിരുവനന്തപുരം ജില്ലയിലെ ബലിതർപ്പണ കേന്ദ്രങ്ങളിൽ മദ്യ നിരോധനമെർപ്പെടുത്തി ജില്ലാ ഭരണകൂടം. എന്നാൽ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ബലിതർപ്പണ കേന്ദ്രമായ അരുവിപ്പുറത്ത് മദ്യ നിരോധനം പ്രഹസനമാകുകയാണെന്ന് ആക്ഷേപമുയരുന്നു. നവോത്ഥാന നായകൻ ശ്രീനാരായണ ഗുരു ശൈവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രവും മഠവും സ്ഥിതിചെയ്യുന്ന പെരുങ്കടവിള പഞ്ചായത്ത് പ്രദേശത്താണ് നിലവിൽ മദ്യശാലകൾ അടച്ചിടാൻ കളക്ടർ ഉത്തരവ് നൽകിയിരിക്കുന്നത്. എന്നാൽ പെരുങ്കടവിള പഞ്ചായത്ത് പരിധിക്കുള്ളിൽ മദ്യശാലകൾ ഇല്ല!

അരുവിപ്പുറം ക്ഷേത്രം സ്ഥിതിചെയ്യുന്നത് പെരുങ്കടവിള പഞ്ചായത്തിന്റെയും നെയ്യാറ്റിൻകര നഗരസഭയുടെയും അതിർത്തിയിലാണ്. ആയിരക്കണക്കിന് ജനങ്ങൾ ബലിതർപ്പണം നടത്താനെത്തുന്ന അരുവിപ്പുറത്തിന്റെ നാല് കിലോമീറ്റർ ചുറ്റളവിൽ നെയ്യാറ്റിൻകര നഗരസഭാ പ്രദേശത്ത് രണ്ട് സിവിൽ സപ്ലൈസ് ഔട്ട്ലെറ്റുകളും രണ്ടു ബാറുകളുമുണ്ട്. ഇവിടെ മദ്യനിരോധനം ബാധകമാകാത്തത് കാരണം സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തരുടെ സുരക്ഷാർത്ഥം പ്രഖ്യാപിച്ച മദ്യനിരോധനം പ്രഹസനമാകുകയാണ്. മദ്യ നിരോധനം ആത്മാർത്ഥയോടെയാണെങ്കിൽ നെയ്യാറ്റിൻകര നഗരസഭാ പരിധിയിലും ബാധകമാക്കണമെന്ന് ഗുരുധർമ്മ പ്രചാരസഭ പാറശ്ശാല നിയോജക മണ്ഡലം രക്ഷാധികാരി അഡ്വ. നാരായണൻ എസ് തമ്പി ആവശ്യപ്പെട്ടു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍, വര്‍ക്കല മുന്‍സിപ്പാലിറ്റി, അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധികളിലെ എല്ലാ മദ്യ ശാലകളുടെയും പ്രവര്‍ത്തനം നിരോധിച്ചാണ് ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ബലി തര്‍പ്പണത്തിന് എത്തുന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായായാണ് നടപടി. ജൂലൈ 16 രാത്രി 12 മുതല്‍ ജൂലൈ 17 ഉച്ചക്ക് രണ്ട് വരെയാണ് നിരോധനം.

Related Articles

Latest Articles