Sunday, April 28, 2024
spot_img

മുൻ ബിജെപി സംസ്ഥാന പ്രസിഡന്റും നിലവിലെ ഗോവ ഗവർണറുമായ പി.എസ്.ശ്രീധരൻ പിള്ളയുടെ 8 പുസ്തകങ്ങൾ പ്രകാശനം ചെയ്തു

പനാജി: ഗോവ ഗവർണറും മുൻ ബിജെപി സംസ്ഥാന പ്രസിഡന്റുമായിരുന്ന പി.എസ് ശ്രീധരൻ പിള്ള രചിച്ച 8 പുസ്തകങ്ങൾ ഇന്ന് രാജ്ഭവനിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. എന്നാൽ ഇതാദ്യമായിട്ടാണ് 3 ഗവർണർമാർ ഒരേ വേദി പങ്കിടുന്നത്. ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

3 ഇംഗ്ലീഷ് പുസ്തകങ്ങളും ഒരു ഹിന്ദി പുസ്തകവും 4 മലയാളം പുസ്തകങ്ങളുമാണ് ചടങ്ങിൽ പ്രകാശനം ചെയ്തത്. ഹിമാചൽ പ്രദേശ് ഗവർണർ ശ്രീ.രാജേന്ദ്ര അർലേകർ 6 പുസ്തകങ്ങളും ഛത്തീസ്ഗഡ് ഗവർണർ ശ്രീമതി. അനസൂയ യൂക്കി രണ്ടു പുസ്തകളുമാണ് പ്രകാശനം ചെയ്തത്.

അതേസമയം പൊതു സമൂഹത്തിൽ ചിന്താവിപ്ലവം സൃഷ്ടിക്കുകയാണ് തന്റെ രചനയിലൂടെ ശ്രീധരൻ പിള്ള ചെയ്യുന്നതെന്ന് ഹിമാചൽ പ്രദേശ് ഗവർണർ രാജേന്ദ്ര അർലേകർ പറഞ്ഞു. സാമൂഹ്യ വിപ്ലവത്തിന് തിരികൊളുത്തിയ സംഭവങ്ങൾക്കെല്ലാം പിന്നിൽ എഴുത്തുകാരുടെ തൂലികയ്ക്കുള്ള പങ്ക് നിഷേധിക്കാനാവില്ല. സദ് വിചാരങ്ങൾ സാഹിത്യ ഭാഷയിലെഴുതി ഫലിപ്പിക്കാൻ കഴിയുന്ന സർഗ്ഗവൈഭവം എഴുത്തുകാരനെന്ന നിലയിൽ ശ്രീധരൻ പിള്ളയുടെ മുതൽക്കൂട്ടാണെന്ന് ഛത്തീസ്ഗഡ് ഗവർണർ അനസൂയ യൂക്കി പറഞ്ഞു.

മാത്രമല്ല രാഷ്ടീയ നേതാവ് എന്നതിലുപരി സമൂഹത്തിലെ പാവപ്പെട്ടവരുടെയും താഴെത്തട്ടിൽ നിൽക്കുന്നവരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു മികച്ച സാമൂഹ്യ പ്രവർത്തകനെയാണ് ശ്രീധരൻ പിള്ള എന്ന ഗവർണറിൽ താൻ കാണുന്നതെന്നാണ് മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ച ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് പറഞ്ഞത്.

സ്വാതന്ത്ര്യ സമരമുൾപ്പെടെയുള്ള ഏത് സാമൂഹ്യമാറ്റങ്ങൾക്ക് പിന്നിലും ക്രിയാത്മക ന്യൂനപക്ഷമാണ് ചാലക ശക്തിയായതെന്ന് ചടങ്ങിൽ പ്രതിസ്പന്ദം നടത്തിയ ഗവർണർ പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. എഴുത്തും വായനയുമുള്ള ഒരു ചെറിയ കൂട്ടം ആളുകളാണ് ഈ ക്രിയാത്മക ന്യൂന പക്ഷം. എഴുത്തുകാർക്ക് അത്യാവശ്യമായും ഉണ്ടായിരിക്കേണ്ട ഗുണം, എഴുത്തിൽ പൂർണ്ണതയ്ക്കായി സ്വയം സമർപ്പിക്കണം എന്നതാണെന്നും പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. ചടങ്ങിൽ രാജ്ഭവൻ സെക്രട്ടറി മിഹിർവർധൻ ഐ എ എസ് സ്വാഗതവും, ശ്രേയ ഗൗരവ് നന്ദിയും പറഞ്ഞു.

Related Articles

Latest Articles