തിരുവനന്തപുരം: ഡിജിറ്റൽ മാദ്ധ്യമ രംഗത്ത് പുതിയ ചരിത്രം കുറിച്ച് തത്വമയി നെറ്റ്‌വർക്ക്. നേതി നേതി ലെറ്റ്സ് ടോക്കുമായി ചേർന്ന് നടത്തിയ ആറുമണിക്കൂറിലധികം നീണ്ട പ്രത്യേക ലൈവത്തോൺ കോൺക്ലേവ് ശ്രദ്ധേയമായി. ഭരണകൂടത്തിന്റെ ഒത്താശയുടെ ബംഗ്ലാദേശിൽ നടക്കുന്ന ഹിന്ദു വംശഹത്യ ശ്രമങ്ങളും അത് മേഖലയിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളുമാണ് കോൺക്ലേവിൽ ചർച്ചാ വിഷയമായത്. തത്വമയി ചീഫ് എഡിറ്റർ രാജേഷ് പിള്ള, സാമ്പത്തിക വിദഗ്ദ്ധൻ രഞ്ജിത്ത് ശ്രീനിവാസൻ, അഡ്വ.അഞ്ജന സുരേഷ്, അഡ്വ. വി കെ മഞ്ജു തുടങ്ങിയവരാണ് ചർച്ചകൾ നയിച്ചത്. പ്രശസ്‌ത എഴുത്തുകാരൻ രാജീവ് മൽഹോത്ര, ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവദേക്കർ, പ്രജ്ഞ പ്രവാഹ് ദേശീയ സംയോജക് ജെ നന്ദകുമാർ, രാഷ്ട്രതന്ത്ര വിദഗ്ദ്ധൻ ഡോ. ജി ഗോപകുമാർ, ബിജെപി പശ്ചിമബംഗാൾ വക്താവ് രാജർഷി ലഹിരി, മുൻ ഡി ജി പി ടി പി സെൻകുമാർ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, സംവിധായകൻ രാമസിംഹൻ, സ്വാമി ചിദാനന്ദപുരി, മുതിർന്ന മാദ്ധ്യമ പ്രവർത്തകരായ ഗോപീകൃഷ്ണൻ, രഞ്ജിത് ഗോപാലകൃഷ്ണൻ തുടങ്ങി ഇരുപത്തിയെട്ടോളം ദേശീയ അന്താരാഷ്ട്ര പ്രശസ്തി നേടിയ പ്രമുഖരായ അതിഥികൾ ആറുമണിക്കൂർ നീണ്ട ചൂടേറിയ ചർച്ചയിൽ പങ്കെടുത്തു.
പ്രശ്നങ്ങൾ ബംഗ്ലാദേശിലാണെങ്കിലും അതിന്റെ ലക്ഷ്യം ഭാരതമാണെന്ന് ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. ബംഗ്ലാദേശിൽ ആക്രമണത്തിന് ഇരയാകുന്ന ഹിന്ദുക്കൾ അടക്കമുള്ള ന്യുനപക്ഷവിഭാഗങ്ങൾക്ക് കോൺക്ലേവ് ശക്തമായ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. ബംഗ്ലാദേശിലെ വിഷയങ്ങൾ മുൻകൂട്ടിക്കാണുന്നതിൽ ഭാരതസർക്കാർ പരാജയപ്പെട്ടു എന്ന ചില വ്യത്യസ്താഭിപ്രായങ്ങളും ഉയർന്നു. ഭാരതത്തെ തകർക്കാൻ ശത്രുക്കൾക്ക് ഒരു പദ്ധതിയുണ്ട്. എന്നാൽ ഇതിനെതിരെ നമ്മുടെ രാജ്യത്തിനും ഒരു പദ്ധതിയുണ്ട് എന്നത് ചർച്ചകണ്ടിരുന്ന പ്രേക്ഷകർക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു. ഭാരതത്തിന്റെ തനതു സംസ്‌കാരത്തെയും സാംസ്‌കാരിക ബിംബങ്ങളെയും ചിലർ ലക്‌ഷ്യം വയ്ക്കുന്നതിനെ കുറിച്ചും അതിനെതിരെ പടുത്തുയർത്തേണ്ട പ്രതിഷേധത്തിന്റെ ആവശ്യകതയും ചർച്ചയിൽ ഉയർന്നുവന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ടൈം സോണുകളിൽ ഇരുന്ന് പങ്കെടുക്കാൻ കഴിയുന്ന രീതിയിലായിരുന്നു കോൺക്ലേവിന്റെ സമയ ക്രമീകരണം. പതിനായിരക്കണക്കിന് പ്രേക്ഷകർ കോൺക്ലേവ് തത്സമയം കണ്ടു.

