Thursday, May 16, 2024
spot_img

സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാനം: അനാവശ്യ യാത്രകള്‍ അനുവദിക്കില്ല; കർശന പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. ഇതിന്റെ ഭാഗമായി ഇന്ന് അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. അത്യാവശ്യയാത്രകള്‍ മാത്രമാണ് അനുവദിക്കുക. ഇതിനായി രേഖകളും സത്യവാങ്മൂലവും കൈയില്‍ കരുതണമെന്ന് നിര്‍ദേശമുണ്ട്. ആശുപത്രി, വാക്സിനേഷൻ എന്നിവയ്ക്കു വേണ്ടി യാത്ര നടത്താം. അത്യാവശ്യയാത്രക്കാർ അക്കാര്യം പരിശോധനാവേളയിൽ പൊലീസ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തണം.

അതേസമയം അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. കെഎസ് ആർടിസിയും അത്യാവശ്യ സർവീസുകൾ മാത്രമേ നടത്തൂ. പഴം, പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍, പാലും പാലുത്പന്നങ്ങളും വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, ഇറച്ചിക്കടകള്‍, കള്ളുഷാപ്പുകള്‍ എന്നിവയ്ക്ക് രാവിലെ ഏഴുമുതല്‍ രാത്രി ഒന്‍പത് വരെ പ്രവർത്തിക്കാംക്കാനുള്ള അനുമതിയുണ്ട്.

ഹോട്ടലുകളിലും ബേക്കറികളിലും പാഴ്‌സലുകള്‍ മാത്രമേ അനുവദിക്കൂ. ഇവയ്ക്കും രാവിലെ ഏഴുമുതൽ തുറന്ന് പ്രവർത്തിക്കാം. മരണാനന്തര ചടങ്ങുകൾക്കും വിവാഹത്തിനും 20 പേർക്ക് മാത്രമാണ് പങ്കെടുക്കാനാവുക. കൂടാതെ ഡെലിവറി സ്ഥാപനങ്ങൾ, മെഡിക്കൽ സ്റ്റോറുകൾ, മാധ്യമ സ്ഥാപനങ്ങൾ, ആംബുലൻസുകൾ എന്നീ സേവനങ്ങൾക്കും തടസമില്ല.

പരീക്ഷകളുള്ള വിദ്യാർഥികൾ, റയിൽവേ സ്റ്റേഷൻ–വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകുന്നവർ , മുൻകൂട്ടി ബുക് ചെയ്ത് ടൂറിസം കേന്ദ്രങ്ങളിലെത്തിയവർ ഇവർക്കെല്ലാം കൃത്യമായ രേഖകളുണ്ടങ്കിൽ യാത്ര അനുവദിക്കും. അതേസമയം ഇന്ന് നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ മാറ്റി. 23 ന് നിശ്ചയിച്ച മെഡിക്കൽ എജുക്കേഷൻ സർവീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ 27 ലേക്കു മാറ്റി. ലാബോട്ടറി ടെക്നീഷ്യൻ ഗ്രേഡ് II തസ്തികളുടെ പരീക്ഷകൾ 28 ലേക്കും 30 ന് നടത്താൻ നിശ്ചയിച്ച കേരള വാട്ടർ അതോറിറ്റിയിലെ ഓപ്പറേറ്റർ തസ്തികയുടെ പരീക്ഷ ഫെബ്രുവരി നാലിലേക്കും മാറ്റിയിട്ടുണ്ട്.

Related Articles

Latest Articles