Tuesday, December 16, 2025

തലതിരിഞ്ഞ നിയന്ത്രണം ജനജീവിതം ദുസ്സഹമാക്കുന്നു; ഇത് പെറ്റി സർക്കാരെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ സർക്കാർ കടുംപിടുത്തം തുടരുന്നു.
കടയിൽ പോകാൻ വാക്‌സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ മാറ്റില്ലെന്ന് ആവർത്തിച്ചിരിക്കുകയാണ് ആരോഗ്യമന്ത്രി വീണ ജോർജ്. വകഭേദം വന്ന ഡെൽറ്റ വൈറസാണ് രണ്ടാം തരം​ഗത്തിൽ പടരുന്നതെന്നും രോ​ഗികളുടെ എണ്ണം ഇരട്ടി ആകാൻ സാധ്യത ഉണ്ടെന്നുമാണ് മന്ത്രിയുടെ വാദം. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം സർക്കാർ ജനങ്ങളെ കളിയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കേരള സർക്കാർ പെറ്റി സർക്കാർ ‌ആണ്. സംസ്ഥാനത്ത് ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവർ അമ്പത് ശതമാനത്തിലും താഴെയാണ്. ബാക്കിയുള്ള 57.86 ശതമാനം പേർക്കും കടയിൽ പോകണമെങ്കതിൽ അഞ്ഞൂറ് രൂപ കൊടുത്ത് ആർടിപിസിആർ പരിശോധന സർട്ടിഫിക്കറ്റ് എടുക്കണം. ഇതെന്തുതരം നിയന്ത്രണമാണെന്നും വി ഡി സതീശൻ ചോദിച്ചു. പ്രമുഖരായ വ്യക്തികൾ വരെ നിയന്ത്രണത്തെ വിമർശിക്കുന്നത് കാണാതെ പോകരുതെന്നും വി ഡി സതീശൻ സഭയിൽ പറഞ്ഞു. തുടര്‍ന്ന് പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.

എന്നാൽ കൃത്യമല്ലാത്തതും, അശാസ്ത്രീയവുമായ ലോക്ക്ഡൗൺ മൂലം സംസ്ഥാനത്ത് ആത്മഹത്യകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നുമാത്രം രണ്ടുപേരാണ് കോട്ടയത്തും,തിരുവനന്തപുരത്തുമായി ആത്മഹത്യ ചെയ്തത്. കോട്ടയത്ത് ചായക്കട നടത്തിയിരുന്ന കെ.ടി.തോമസ് ആണ് മരിച്ചത്. കടയുടെ ഷട്ടർ താഴ്ന്നു കടക്കുന്നത് കണ്ട് അകത്തു കയറിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വ്യാപാരം പ്രതിസന്ധിയിലായതിന്റെ മനോവിഷമത്തിലായിരുന്നു തോമസ് എന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. തലസ്ഥാന ജില്ലയിൽ ബാലരാമപുരത്താണ് ഏറ്റവുമൊടുവിൽ ഇന്ന് ഒരു വ്യാപാരി ആത്മഹത്യ ചെയ്തത്. ഇവിടെ ബേക്കറി കട നടത്തിയ 40 വയസുള്ള മുരുകനാണ് മരിച്ചത്. കടയിൽ വരുമാനം കുറഞ്ഞതിനെക്കുറിച്ച് ഇയാൾ വീട്ടുകാരുമായി സംസാരിച്ചിരുന്നുവെന്നാണ് വിവരം. അതേസമയം കഴിഞ്ഞ 44 ദിവസങ്ങളിലായി സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി മൂലം 22 ലധികം ജീവനുകളാണ് പൊലിഞ്ഞത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles