Sunday, May 19, 2024
spot_img

പ്രതീക്ഷകൾക്കുമപ്പുറം !ശിവശക്തിയിൽ നിന്ന് വീണ്ടും ഉയർന്നു പൊങ്ങി വിക്രം ലാൻഡർ;മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നതടക്കമുള്ള ഭാവി പദ്ധതികൾക്ക് മുതൽക്കൂട്ടാകുമെന്ന് ഐഎസ്ആർഒ

ബെംഗളൂരു: ചന്ദ്രയാൻ–3 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ആദ്യം ലാൻഡ് ചെയ്തിരുന്ന സ്ഥാനത്ത് നിന്ന് വീണ്ടും 40 സെ.മീ ഉയർന്നു പൊങ്ങിയ ശേഷം മറ്റൊരിടത്ത് സുരക്ഷിതമായി ലാൻഡ് ചെയ്തെന്ന് ഐഎസ്ആർഒ അറിയിച്ചു. നേരത്തെ ലാൻഡ് ചെയ്തിരുന്ന സ്ഥാനത്ത് നിന്ന് 30 മുതൽ 40 സെന്റീമീറ്റർ വരെ അകലത്തിലാണ് വിക്രം ഇപ്പോൾ ലാൻഡ് ചെയ്തിരിക്കുന്നത്. മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നതടക്കമുള്ള ഭാവി പദ്ധതികൾക്ക് മുതൽക്കൂട്ടാകും പുതിയ പ്രവർത്തനം എന്നും ഐഎസ്ആർഒ വ്യക്തമാക്കി.

ആദ്യം ലാൻഡ് ചെയ്തിരുന്ന ശിവശക്തി പോയിന്റിൽ നിന്ന് ഉയർന്നു പൊങ്ങുവാൻ റോവറിനു പുറത്തിറങ്ങാനായി തുറന്ന വാതിലുകൾ ലാൻഡർ അടച്ചിരുന്നു. ഭാവിയിൽ ചന്ദ്രനിൽ നിന്ന് സാംപിളുകൾ കൊണ്ടുവരുന്നതിനും പേടകത്തെ പൊക്കി മാറ്റേണ്ടതുണ്ട്. അതിനു കൂടി കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഐഎസ്ആർഒ.

ഒരു ചന്ദ്രദിനം അഥവാ ഭൂമിയിലെ 14 ദിവസങ്ങളാണ് വിക്രം ലാൻഡറിനും പ്രഗ്യാൻ റോവറിനുമുള്ള കാലാവധി. പ്രഗ്യാൻ റോവറിനെ സ്ലീപ് മോഡിലേക്ക് ഐഎസ്ആർഒ മാറ്റിയിരുന്നു. ഇനി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൂര്യ പ്രകാശം എത്തുന്ന സെപ്തംബർ 22ന് ഉപകരണങ്ങൾ വീണ്ടും പ്രവർത്തിച്ച് തുടങ്ങും എന്നാണ് ഐഎസ്ആർഒ പ്രതീക്ഷിക്കുന്നത്

ഇതുവരെയും മനുഷ്യ കുലത്തിന് അപരിചിതമായിരുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ചിത്രങ്ങൾ പകർത്തി എന്നതിനപ്പുറം, ഉപരിതലത്തിലെ സൾഫറിന്‍റെ സാന്നിധ്യവും മറ്റു മൂലകങ്ങൾ വേർതിരിച്ചറിഞ്ഞതും ചന്ദ്രോപരിതലത്തിലെ പ്രകമ്പനവും താപനിലയും എല്ലാം കൃത്യമായി അളന്നതുമടക്കമുള്ള നിർണായകമായ വിവരങ്ങളാണ് ചന്ദ്രയാൻ ശാസ്ത്ര ലോകത്തിന് നൽകിയത്. റോവർ നടത്തിയ പരീക്ഷണങ്ങളുടെ വിശദാംശങ്ങൾ ലാൻഡറിൽ നിന്ന് ഐഎസ്ആർഒ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഇരുട്ടുമൂടുന്ന ദക്ഷിണ ധ്രുവത്തില്‍ തണുത്തുറഞ്ഞ കാലാവസ്ഥയെ ഉപകരണങ്ങൾ അതിജീവിക്കും എന്ന പ്രതീക്ഷ തന്നെയാണ് ശാസ്ത്രജ്ഞന്മാർക്കുള്ളത്. ദൗത്യ കാലാവധി പിന്നിട്ടിട്ടും ഉപകരണങ്ങൾ പ്രവർത്തിച്ചാൽ ഇന്ത്യൻ ബഹിരാകാശ ഏജൻസിക്ക് അത് വലിയ നേട്ടമാകും, ചന്ദ്രന്റെ കാലാവസ്ഥയെ അതിജീവിക്കാൻ പേടകത്തിന് ആയില്ലെങ്കിൽ ഇന്ത്യയുടെ ചരിത്ര ചാന്ദ്ര പര്യവേഷണത്തിന്‍റെ അംബാസിഡറായി ചന്ദ്രയാൻ ചന്ദ്രോപരിതലത്തിൽ അവശേഷിക്കും

Previous article
Next article

Related Articles

Latest Articles