Saturday, October 24, 2026

ലോക്സഭയിൽ തർക്കം; പ്രസിദ്ധീകരിക്കാത്ത പുസ്തകം ഉദ്ധരിച്ച് ബഹളം സൃഷ്ടിക്കാനുള്ള രാഹുൽ ഗാന്ധിയുടെ ശ്രമം തടഞ്ഞ് രാജ്‌നാഥ് സിംഗും സ്പീക്കറും

ദില്ലി : ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രകോപന പരാമർശങ്ങൾ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള തർക്കത്തിനിടയാക്കി. മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെയുടേതെന്ന് അവകാശപ്പെടുന്ന, ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത പുസ്തകത്തിലെ ഭാഗങ്ങൾ രാഹുൽ ഗാന്ധി ഉദ്ധരിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സഭയിൽ ബഹളം രൂക്ഷമായി.

ഡോകലാമിൽ ചൈനീസ് ടാങ്കുകൾ ഇന്ത്യൻ അതിർത്തിയിലേക്ക് പ്രവേശിച്ചുവെന്ന പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി പ്രസംഗം ആരംഭിച്ചത്. എന്നാൽ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാൽ അതിലെ വരികൾ സഭാ രേഖകളിൽ ഉൾപ്പെടുത്താനോ ഉദ്ധരിക്കാനോ കഴിയില്ലെന്ന് രാജ്‌നാഥ് സിംഗ് വാദിച്ചു. ‘ദി കാരവൻ’ മാഗസിനിൽ വന്ന ഈ ഭാഗങ്ങൾ നൂറ് ശതമാനം ആധികാരികമാണെന്നും ഇതിൽ രാജ്‌നാഥ് സിംഗിനെക്കുറിച്ച് പരാമർശമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞതോടെ ആഭ്യന്തര മന്ത്രി അമിത് ഷായും തർക്കത്തിൽ ഇടപെട്ടു. പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിൽ നിന്നുള്ള വിവരങ്ങൾ എങ്ങനെ സഭയിൽ ഉദ്ധരിക്കുമെന്നും മാഗസിനുകൾക്ക് എന്തുവേണമെങ്കിലും എഴുതാമെന്നും അമിത് ഷാ പരിഹസിച്ചു.

പാർലമെന്ററി ചട്ടങ്ങൾ ചൂണ്ടിക്കാട്ടി സ്പീക്കർ ഓം ബിർളയും രാഹുൽ ഗാന്ധിയുടെ നീക്കത്തെ തടഞ്ഞു. പത്രവാർത്തകളോ പ്രസിദ്ധീകരിക്കാത്ത പുസ്തകങ്ങളോ ആധികാരിക രേഖകളായി സഭയിൽ ഉപയോഗിക്കാൻ കഴിയില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. ഇതിനെത്തുടർന്ന് ചൈനയുടെ പേര് പരാമർശിക്കാതെ ‘ഒരു രാജ്യത്തിന്റെ ടാങ്കുകൾ മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കുന്നു’ എന്ന് രാഹുൽ തിരുത്തിപ്പറഞ്ഞെങ്കിലും സ്പീക്കർ വീണ്ടും തടസ്സവാദം ഉന്നയിച്ചു. ചട്ടങ്ങൾ പാലിക്കേണ്ടത് പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തമാണെന്നും സഭയെ തെറ്റിദ്ധരിപ്പിക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്നും രാജ്‌നാഥ് സിംഗ് ആരോപിച്ചു.

Related Articles

Latest Articles