Wednesday, September 23, 2026

യു.എന്‍.എ സാമ്പത്തിക ക്രമക്കേട്; ജാസ്മിന്‍ ഷായെ പിടികൂടാന്‍ ലുക്കൗട്ട് സര്‍ക്കുലര്‍

ദില്ലി: നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനില്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന കേസില്‍ യു.എന്‍.എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ഷാ ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ക്കെതിരെ കേന്ദ്രവിദേശകാര്യ മന്ത്രാലയം ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി. രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലുമാണ് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

നിലവില്‍ വിദേശത്തുള്ള പ്രതികള്‍ രാജ്യത്തെവിടെയങ്കിലും എയര്‍പോര്‍ട്ടില്‍ ഇറങ്ങിയാല്‍ കസ്റ്റഡിയിലെടുക്കാനാണ് നിര്‍ദേശം. ക്രൈംബ്രാഞ്ചിന്‍റെ അപേക്ഷ പരിഗണിച്ചാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. യു.എന്‍.എ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് കേസില്‍ ജാസ്മിന്‍ഷായുടെ ഭാര്യ ഷബ്‌നയെ ക്രൈംബ്രാഞ്ച് പ്രതിചേര്‍ക്കുകയും ചെയ്തിരുന്നു. ക്രമക്കേടില്‍ ഇവര്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നടപടി. ഷബ്‌നയുടെ അക്കൗണ്ടിലേക്ക് യുഎന്‍എയുടെ അക്കൗണ്ടില്‍ നിന്ന് 55 ലക്ഷം രൂപ എത്തിയതായും ഇവരുടെ പേരില്‍ തൃശൂരില്‍ നാല് ഫ്‌ളാറ്റുകള്‍ ഉളളതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഒരു ഫ്‌ളാറ്റ് യു.എന്‍.എ സംസ്ഥാന ട്രഷററുടെ പേരിലേക്ക് മാറ്റിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Related Articles

Latest Articles