കോഴിക്കോട്: തിരുവമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിന് വക്കീല്‍ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്ലാമി. കേരളത്തിലെ കോളേജ് വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ച് ഐ.എസിലേക്കടക്കം റിക്രൂട്ട്‌മെന്റ് ചെയ്യുന്നെന്ന വിവാദ പ്രസ്താവനയെ തുടർന്നാണ് നോട്ടീസ് അയച്ചത്.
ജോര്‍ജ് എം തോമസിന്റെ പരാമര്‍ശം സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയാതായി നോട്ടീസിൽ പറയുന്നു. രാജ്യത്തിലിന്നോളം വ്യത്യസ്ത മതസമൂഹങ്ങള്‍ക്കിടയില്‍ സൗഹൃദാന്തരീക്ഷവും ആശയ സംവാദങ്ങളും നിലനിര്‍ത്തുംവിധമുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ജമാഅത്തെ ഇസ്ലാമിയെ ലൗ ജിഹാദു പോലുളള വംശീയ വിദ്വേഷ പ്രയോഗങ്ങളിലേക്ക് ചേര്‍ത്തുവെക്കുന്നത് ബോധപൂര്‍വ്വമാണെന്ന് നോട്ടീസിൽ പറയുന്നു.
രാഷ്ട്രീയ ലാഭം ലക്ഷ്യംവെച്ച് സമൂഹത്തില്‍ വിവിധ സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ഉദ്ദേശിച്ചാണ് ജോര്‍ജ് എം. തോമസിന്റെ പ്രസ്താവനയെന്നും നോട്ടീസ് ആരോപിക്കുന്നു. ജോര്‍ജ് എം തോമസ് പ്രസ്താവന പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും അപകീര്‍ത്തിക്ക് അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടു.

