Thursday, May 16, 2024
spot_img

ന്യുനമര്‍ദം അറബികടലില്‍ പ്രവേശിച്ചു: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപംകൊണ്ട ന്യുനമര്‍ദം കോമറിന്‍ ഭാഗത്തു നിന്ന് ഇന്ന് രാവിലെ അറബികടലില്‍ പ്രവേശിച്ച് ലക്ഷദ്വീപിനു മുകളിലും സമീപത്തുള്ള തെക്ക് കിഴക്കന്‍ അറബിക്കടലിലുമായി സ്ഥിതിചെയ്യുകയാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇതേതുടർന്ന് അടുത്ത മൂന്ന് ദിവസം വടക്ക് – വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചാരിക്കുന്ന ന്യുനമര്‍ദം കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ലക്ഷദ്വീപ് മുതല്‍ കര്‍ണാടക തീരംവരെ ന്യുനമര്‍ദ്ദ പാത്തി രൂപപ്പെട്ടു. എന്നാല്‍ അടുത്ത 48 മണിക്കൂറില്‍ ന്യുനമര്‍ദം തീവ്രന്യുന മര്‍ദമാക്കാനുള്ള സാധ്യത വളരെ കുറവാണ്. ന്യുനമര്‍ദ സ്വാധീനഫലമായി തെക്കേ ഇന്ത്യക്ക് മുകളില്‍ കിഴക്കന്‍ കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്.

കേരളത്തില്‍ നവംബര്‍ ഏഴുവരെ ഇടി മിന്നലൊടുകൂടിയ മഴ തുടരാനാണ് സാധ്യത. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഏതാനും ജില്ലകളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് എട്ട് ജില്ലകളിലും വ്യാഴാഴ്ച ആറ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ ജില്ലകളില്‍ പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ഥമാക്കുന്നത്.

Related Articles

Latest Articles