Tuesday, January 13, 2026

എൽ ടി ടി ഇ തിരിച്ചു വരവിനു ശ്രമിക്കുന്നു ?? നിർണ്ണായക വിവരങ്ങൾക്കായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ

976 മുതൽ 2009 വരെ ശ്രീലങ്കൻ ദ്വീപ രാഷ്ട്രത്തെ ആഭ്യന്തര കലാപങ്ങൾകൊണ്ട് വീർപ്പ് മുട്ടിച്ച സംഘടനയാണ് LTTE. 2009 ൽ LTTE സ്ഥാപക നേതാവ് വേലുപ്പിള്ള പ്രഭാകരനെ ശ്രീലങ്കൻ സൈന്യം വധിച്ചതോടെ പതിറ്റാണ്ടുകൾ നീണ്ട ആഭ്യന്തര കലാപത്തിന് അന്ത്യമാവുകയായിരുന്നു. എന്നാൽ നീണ്ട നാളത്തെ നിശ്ശബ്ദതക്ക് ശേഷം LTTE ഒരു തിരിച്ചു വരവ് നടത്തുന്നുണ്ടോ എന്ന് സംശയിക്കുകയാണ് ഇന്ത്യയുടെ NIA യും മറ്റ് രഹസ്യാന്വേഷണ ഏജൻസികളും. തമിഴ് പുലികൾക്കുവേണ്ടി വിദേശ രാജ്യങ്ങളിൽനിന്ന് നേരത്തേ സമാഹരിച്ച കോടിക്കണക്കിന് രൂപ പല അക്കൗണ്ടുകളിലായി ഇന്ത്യയിലെ ബാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്നതായി അന്വേഷണ ഏജൻസികൾ സംശയിക്കുന്നു. ഇങ്ങനെ ഇന്ത്യയിലെ ബാങ്കുകളിലുള്ള പണം പിൻവലിച്ച് പ്രവർത്തകരെ ഏകോപിപ്പിച്ച് എൽ.ടി.ടി.ഇ. തിരിച്ചുവരവിന് ശ്രമിക്കുന്നെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് കേന്ദ്ര ഏജൻസികളും തമിഴ്‌നാട് പോലീസിന്റെ ‘ക്യൂ’ ബ്രാഞ്ചും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട് . ശ്രീലങ്കൻ സ്വദേശിയുൾപ്പെടെ അഞ്ചുപേർ ചെന്നൈയിൽ വ്യാജപാസ്പോർട്ടുമായി പിടിയിലായ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം എൻ.ഐ.എ. ഏറ്റെടുത്തതോടെയാണ് എൽ.ടി.ടി.ഇ. ബന്ധത്തിന് സൂചന ലഭിച്ചത്. മേരി ഫ്രാൻസിസ്കയെന്ന ശ്രീലങ്കൻ വനിതയെ ചെന്നൈ വിമാനത്താവളത്തിൽവെച്ച് കഴിഞ്ഞവർഷം ഒക്ടോബറിലാണ് വ്യാജപാസ്പോർട്ടുമായി അറസ്റ്റുചെയ്തത്. ഇവരുടെ കൂട്ടാളികളായ കെന്നിസ്റ്റൺ ഫെർണാണ്ടോ, കെ. ഭാസ്കരൻ, ജോൺസൺ സാമുവൽ, എൽ. സെല്ലമുത്തു എന്നിവരും പിന്നാലെ പിടിയിലായി. കഴിഞ്ഞയാഴ്ചയാണ് ഈ കേസ് എൻ.ഐ.എ. ഏറ്റെടുത്തത്. മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെ എൽ.ടി.ടി.ഇ.യുടെ മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ സദ്ഗുണൻ എന്ന സബേശനെ ലക്ഷദ്വീപിൽവെച്ച് എൻ.ഐ.എ. അറസ്റ്റുചെയ്തിരുന്നു. പഴയ പ്രവർത്തകരെ ഏകോപിപ്പിച്ച് എൽ.ടി.ടി.യെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നവരിൽ പ്രധാനിയാണ് സബേശനെന്ന് എൻ.ഐ.എ. കണ്ടെത്തിയിട്ടുണ്ട്. എല്ലാവരെയും NIA യും കേന്ദ്ര ഏജൻസികളും ചോദ്യം ചെയ്ത് വരികയാണ്. മേരി ഫ്രാൻസിസ്ക ശ്രീലങ്കൻ പാസ്പോർട്ടുമായി രണ്ടുവർഷംമുമ്പാണ് ചെന്നൈയിലെത്തിയത് . തുടർന്ന് വ്യാജ രേഖകളുപയോഗിച്ചാണ് ഇന്ത്യൻ പാസ്പോർട്ട് സമ്പാദിച്ചത്. എൽ.ടി.ടി.ഇ.യ്ക്കുവേണ്ടി നേരത്തേ പിരിച്ചെടുത്ത, ഇന്ത്യയിലെ ബാങ്കുകളിൽ ബാക്കികിടക്കുന്ന പണം പിൻവലിക്കുകയെന്നതായിരുന്നു ഇവരുടെ ദൗത്യം. ഒരു ദേശസാത്‌കൃത ബാങ്കിന്റെ മുംബൈ ഫോർട്ട് ബ്രാഞ്ചിലുള്ള പണം പിൻവലിച്ച് കടലാസ് കമ്പനിയിലേക്ക് മാറ്റാൻ ഇവർ ശ്രമിച്ചതായി എൻ.ഐ.എ. കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ചില സന്നദ്ധസംഘടനകളിലും എൽ.ടി.ടി.ഇ. അനുഭാവികളുണ്ടെന്നാണ് നിഗമനം. ഇവരെല്ലാം നിരീക്ഷണത്തിലാണെന്നും തീവ്രവാദബന്ധം സ്ഥിരീകരിച്ചാൽ കർശനനടപടിയുണ്ടാകുമെന്നും കേന്ദ്ര ഏജൻസികൾ അറിയിച്ചു. ശ്രീലങ്കയുടെ വടക്കു കിഴക്കൻ പ്രദേശത്ത് പ്രത്യേക തമിഴ് രാജ്യം സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ വേലുപ്പിള്ള പ്രഭാകരൻ 1976 ൽ സ്ഥാപിച്ച സംഘടനയാണ് LTTE എന്ന സംഘടന. പതിറ്റാണ്ടുകൾ നീണ്ട സായുധ കലാപത്തിലും ഒളിപ്പോരിലും അട്ടിമറി പ്രവർത്തനങ്ങളിലും ആയിരങ്ങൾക്കാണ് ജീവൻ നഷ്ടമായത്. 1983 മുതൽ 2009 .വരെ ഏതാണ്ട് 65000 പേരാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. അൽ ഖായിദ പോലുള്ള ജിഹാദി സംഘടനകൾ നടത്തിയിട്ടുള്ളതിനേക്കാൾ കൂടുതൽ ചാവേർ ആക്രമണങ്ങൾ നടത്തിയിട്ടുള്ള സംഘടനയാണ് LTTE. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ വധത്തിന് പിന്നിലും LTTE യുടെ ചാവേർ സ്ക്വാഡുകളായിരുന്നു.

Related Articles

Latest Articles