അഹമ്മദാബാദ്: ഗുജറാത്തിൽ മാൾ നിർമ്മിക്കാനൊരുങ്ങി ലുലുഗ്രൂപ്പ്. അഹമ്മദാബാദില്‍ 3,000 കോടി രൂപ നിക്ഷേപത്തില്‍ ഉയരുന്ന ലുലു മാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, അടുത്ത ജനുവരിയില്‍ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പറഞ്ഞു.
ഇതു സംബന്ധിച്ച് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ യുഎഇ സന്ദര്‍ശിച്ചപ്പോള്‍ ചര്‍ച്ചകള്‍ നടത്തുകയും ഗുജറാത്തില്‍ മുതല്‍ മുടക്കുന്നതുമായി ബന്ധപ്പെട്ട ധാരണാ പത്രത്തില്‍ സംസ്ഥാന സര്‍ക്കാരും ലുലു ഗ്രൂപ്പും ഒപ്പു വയ്ക്കുകയും ചെയ്തിരുന്നു.
എഴുപതുകളുടെ തുടക്കത്തില്‍ തന്റെ കച്ചവട ജീവിതം ആരംഭിച്ച ഗുജറാത്തിനോട് എന്നും വൈകാരിക ബന്ധമാണുള്ളതെന്ന് യൂസഫലി പറഞ്ഞു. തന്റെ പിതാവും കുടുംബാംഗങ്ങളും വര്‍ഷങ്ങളായി ഗുജറാത്തിലായിരുന്നു കച്ചവടം നടത്തിയതെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു. 30 മാസത്തിനുള്ളില്‍ ഗുജറാത്തിലെ മാള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്.
മാള്‍ പ്രവര്‍ത്തിക്കുന്നതോടെ 6,000 ആളുകള്‍ക്ക് നേരിട്ടും 15,000ത്തില്‍ അധികം ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നും ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എവി ആനന്ദ് റാം വ്യക്തമാക്കി. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള ഫണ്‍ടുറ, 15 സ്ക്രീന്‍ സിനിമ, മുന്നൂറിലധികം ദേശീയവും അന്തര്‍ദേശീയവുമായ ബ്രാന്‍ഡുകള്‍, വിശാലമായ ഫുഡ് കോര്‍ട്ട്, മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് എന്നിവ ഉള്‍ക്കൊള്ളുന്നതായിരിക്കും അഹമ്മദാബാദ് ലുലു മാള്‍.

