Sunday, April 28, 2024
spot_img

ഡോളറിൽ ജാമ്യം, ഇനി പുറത്തിറങ്ങാം

ഡോളര്‍ കടത്തുകേസുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തിലേറെയായി തടവില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. ഡോളര്‍ക്കടത്തും സ്വര്‍ണ്ണക്കടത്തുമടക്കം മൂന്നുകേസ്സുകളില്‍ ജാമ്യം ലഭിച്ചതോടെ ശിവശങ്കറിന് ഇനി പുറത്തിറങ്ങാം. 98 ദിവസമായി ജയില്‍വാസമനുഭവിക്കുന്ന ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ രാവിലെ 11 മണിയോടെയാണ് ജാമ്യം അനുവദിച്ചുള്ള വിധി ഉണ്ടായത്. കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണക്കോടതിയുടേതായിരുന്നു വിധി. രണ്ട് ലക്ഷം രൂപയും രണ്ട് ആള്‍ജാമ്യവും എന്ന ഉപാധിയോടെയാണ് ജാമ്യം നല്‍കിയത്. എല്ലാ തിങ്കളാഴ്ചയും കസ്റ്റംസിന് മുന്നില്‍ ഹാജരാവുകയും വേണം

സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ശിവശങ്കറിന് കഴിഞ്ഞയാഴ്ച സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സ്വര്‍ണക്കടത്തിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസില്‍ ഹൈക്കാടതിയും ജാമ്യം അനുവദിച്ചിരുന്നു. ഡോളര്‍ക്കടത്ത് കേസ് മാത്രമാണ് ജയില്‍മോചിതനാകാന്‍ ശിവശങ്കറിനുമുന്നിലുണ്ടായിരുന്ന ഏക കടമ്പ. ഈ കേസിൽ ജാമ്യം ലഭിച്ചതോടെ ശിവശങ്കർ ജയിൽമോചിതനാകും. കഴിഞ്ഞ ഒക്ടോബര്‍ 28നാണ് ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസില്‍ എം ശിവശങ്കര്‍ അറസ്റ്റിലാവുന്നത്. തുടര്‍ന്ന് സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് നവംബറില്‍ അറസ്റ്റ് രേഖപ്പെടുത്തി. ജനുവരിയിലാണ് ഡോളര്‍ക്കടത്ത് കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഒന്നര കോടിയുടെ ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിന് പങ്കുണ്ടെന്നായിരുന്നു കസ്റ്റംസിന്റെ വാദം. 

ഇതുവരെ അന്വേഷണ ഏജന്‍സികള്‍ക്ക് തെളിവുകള്‍ ഹാജരാക്കാനായില്ലെന്നും പ്രതികളുടെ മൊഴി മാത്രമാണ് തെളിവായുള്ളതെന്നുമുള്ള ശിവശങ്കറിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യം അനുവദിക്കരുതെന്ന അപേക്ഷ കസ്റ്റംസ് കോടതിയില്‍ നല്‍കിയിരുന്നു. ശിവശങ്കറിനെതിരേ അന്വേഷണം നടക്കുകയാണ്. കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകണമെങ്കില്‍ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു കസ്റ്റംസിന്റെ വാദം.

Related Articles

Latest Articles