Monday, April 29, 2024
spot_img

കാടിന്റെ മക്കൾക്ക് നീതിയില്ല ഭരണകൂടം കൊലയാളികൾക്കൊപ്പം

2018 ഫെബ്രുവരി 22 നാണ് മധു എന്ന ആദിവാസി യുവാവിനെ കേരളത്തിലെ ചില മാന്യന്മാർ കാടിനുള്ളിലേക്ക് അതിക്രമിച്ച് കയറി തല്ലിക്കൊന്നത്. ഗ്രാമത്തിലെ ഒരു കടയിൽ നിന്ന് അരിയോ മല്ലിപ്പൊടിയോ കാണാനില്ലെന്നാരോപിച്ച് ആദിവാസി ഊരിൽ നടത്തിയ തേരച്ചിലിനിടെയാണ് അവർ മധുവിനെ കണ്ടതും കൊലപ്പെടുത്തിയതും. മധു എങ്ങിനെയാണ് മരിച്ചത് എന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട് വ്യക്തമായി പറയുന്നുണ്ട്. തലച്ചോറിലും ശ്വാസകോശത്തിലും കൊടിയ മർദ്ദനം കാരണം നീർക്കെട്ടുണ്ടായി. വാരിയെല്ല് ഒടിഞ്ഞു നുറുങ്ങിയിരുന്നു. തലക്കേറ്റ അടി മരണകാരണം. ഇനി ഇതൊക്കെ ചെയ്തത് ആരാണെന്നല്ലേ. അത് ചെയ്തവർ തന്നെ ഫോട്ടോയും വീഡിയോയും എടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ് പ്രതികളുടെ വിചാരണയും ശിക്ഷാവിധിയും പൂർത്തിയാകാത്തത് ? സർക്കാർ ഇതാരെയാണ് കാക്കുന്നത്? സംഭവം നടന്നത് 2018 ഫെബ്രുവരിയിൽ. ഇന്ന് 2022 ഫെബ്രുവരി കാക്കിയിട്ട പോലീസിനും ഖദറിട്ട കമ്മ്യൂണിസ്റ്റുകൾക്കും കറുത്ത കോട്ടണിഞ്ഞ നീതിപീഠത്തിനും നീതി വിളമ്പാൻ താമസ്സമെന്താണ്? കാരണം പ്രതികൾക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ട്. അധികാരത്തിന്റെ ഇടനാഴികളിൽ പൊതുജനത്തിന്റെ പണം കട്ട് മുടിച്ചിരിക്കുന്ന അമ്മാവന്മാരും ചിറ്റപ്പന്മാരും പ്രതികൾക്കുവേണ്ടി നിയമ നീതി സംവിധാനങ്ങളെ അട്ടിമറിക്കുന്നു. കൂലങ്കശമായ അന്വേഷണത്തിന്റെ ആവശ്യമില്ല, പ്രതികളാരൊക്കെയാണെന്ന് എല്ലാവർക്കുമറിയാം, തെളിവുകളുടെ അഭാവമില്ല എന്നിട്ടും കേസ് നീടുപോകുന്നത് എന്തുകൊണ്ട്.

കേസ് വിളിക്കുമ്പോൾ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരില്ല. വൃദ്ധയായ മധുവിന്റെ അമ്മയും പ്രാരാബ്‌ധക്കാരിയായ സഹോദരിയും അങ്ങനെ രാഷ്ട്രീയ പിൻബലമില്ലാത്ത ആദിവാസി കുടുംബം പലപ്രാവശ്യം നടന്നു കഴിയുമ്പോൾ പിന്മാറിക്കോളും. പട്ടിക ജാതി പട്ടികവർഗ്ഗ കമ്മീഷൻ അടക്കമുള്ളവരുടെ ഭീഷണി കൂടിയാകുമ്പോൾ ആ അദ്ധ്യായം അങ്ങനെ വിസ്മൃതിയിലേക്ക് ആണ്ടുപോകും. മധുവിനെ തല്ലിക്കൊന്ന മാന്യന്മാരുടെ പണംവാങ്ങിയ അധികൃതരുടെ ഉദ്ദേശ്യങ്ങൾ ഇതൊക്കെയായിരിക്കാം. സാംസ്ക്കാരിക നായകന്മാരുടെ നാടാണല്ലോ കേരളം. ഉത്തരേന്ത്യയിലേക്ക് നോക്കിയിരുന്ന് ആരവിടെ കൊല്ലപ്പെടുന്നു ആരവിടെ ബലാത്സംഗം ചെയ്യപ്പെടുന്നു എന്ന് നോക്കി മെഴുകി തിരി കത്തിക്കാനും കവിത എഴുതാനും മാത്രമേ അവർക്കറിയൂ . ഇതാണ് കേരളം. ചാനൽ ചർച്ചകളിലും തെരുവ് പ്രസംഗങ്ങളിലും ഒഴുകി നിറയുന്ന, പതഞ്ഞു പൊങ്ങുന്ന ആദിവാസി സ്നേഹവും ദളിത് പ്രേമവും ഫാസിസ്റ്റു വിരുദ്ധതയുമെല്ലാം ഇത്രയേയുള്ളൂ. മധു അവൻ എരിഞ്ഞടങ്ങിക്കഴിഞ്ഞു. ഭവാനിപ്പുഴ മുറിച്ചു കടന്ന് തന്റെ കൃഷിയിടത്തിലെ ഗുഹയിൽ ചായയുണ്ടാക്കിയും കപ്പ പുഴുങ്ങിയും വല്ലപ്പോഴും അവിടെയെത്തുന്നവർക്ക് അവ ചൂടോടെ പകർന്നു നൽകിയും ഇടയ്ക്കിടെ അമ്മയെയും സഹോദരിയെയും കാണാനായി വീട്ടിലേക്ക് ഓടിയെത്തുകയും ചെയ്തിരുന്ന പാവം മധു ഇന്ന് കാടൊഴിഞ്ഞു. കപട കേരളത്തിന്റെ കാട്ട് നീതിക്കായി മധുവിന്റെ ആത്മാവ് പോലും കാത്തുനിൽക്കുമെന്ന് കരുതാനാവില്ല. കാട്ടാളന്മാർക്ക് നീതി വിളമ്പുന്ന കേരളവും അതിന്റെ ഭരണകൂടവും വടക്കുനോക്കിയിരിക്കട്ടെ.

Related Articles

Latest Articles