Thursday, May 16, 2024
spot_img

ഖലിസ്ഥാന്‍ തീവ്രവാദി പന്നുവിനെ കൊല്ലാന്‍ പദ്ധതിയിട്ട റോ ഓഫീസര്‍ വിക്രം യാദവെന്ന് ആരോപണം !

ഇന്ത്യയില്‍ മാത്രമല്ല തെരഞ്ഞൈടുപ്പു ചൂട്. കാനഡയും യുഎസും തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേയ്ക്കു അതിവേഗം. കടക്കുകയാണ്. വരുന്ന സെപ്റ്റംബറില്‍ കാനഡയിലും നവംബറില്‍ യു എസിലും തിരഞ്ഞെടുപ്പാണ്. ജസ്റ്റിന്‍ ട്രൂഡോയ്ക്കും ജോ ബൈഡനും ഭരണതുടര്‍ച്ച കിട്ടുമോ എന്ന് അപ്പോള്‍ അറിയാം.തെരഞ്ഞെടുപ്പ് അടുത്തതോടെ കാനഡയിലെ ന്യൂനപക്ഷമായ സിഖ് സമുദായത്തെ സുഖിപ്പിക്കുന്ന നിലപാടുകളുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കളം പിടിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിഘടന ശക്തിയായ ഖലിസ്ഥാന്‍ അനുകൂലികളെയാണ് വോട്ടുകിട്ടാനായി പ്രീണിപ്പിക്കുന്നത്. ഇന്ദിരാ വധത്തെ തുടര്‍ന്ന് ഭീകര സംഘടനയായി ഇന്ത്യ പ്ഖ്യാപിച്ച ഖലിസ്ഥാന്‍ വിഘനവാദികളില്‍ ഭൂരിപക്ഷവും കാനഡയിലാണ് അഭയം തേടിയത്. തുടര്‍ച്ചയായി എത്തിയ സിഖ് ജനത ഇന്ന് കാനഡയിലെ പ്രമുഖ വോട്ടു ബാങ്കാണ്. പ്രമുഖ കക്ഷികളെല്ലാം ആ സമൂഹത്ത അഡ്രസ് ചെയ്യാതെ പോവില്ല. അവര്‍ക്ക് സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയും സര്‍ക്കാരില്‍ സ്വാധീനവുമുണ്ട്. സിഖ് വോട്ടു ബാങ്കിന്റെ ബലത്തിലാണ് അവരുടെ രാഷ്ട്രീയ ശക്തി. ഇതു മുതലെടുത്ത് അനുകൂലമായ പല തീരുമാനങ്ങളും അവര്‍ സര്‍ക്കാരില്‍ നിന്ന നേടിയെടുക്കുന്നു. നമ്മുടെ നാട്ടിലും ചില പാര്‍ട്ടികള്‍ ചെയ്തുവരുന്ന അതേ തന്ത്രം.

കനേഡിയന്‍ മണ്ണിലിനിന്ന് ഇന്ത്യയിലേയ്ക്കു ഭീകരവാദം കയറ്റിവിടുന്ന കുറേപ്പേരുണ്ട്. പഴയ ഖലിസ്ഥാനികളുടെ അനുയായികള്‍. അവര്‍ ഇപ്പോഴും ഇന്ത്യയിലെ വിഘടനവാദങ്ങള്‍ക്ക് ഊര്‍ജ്ജവും പണവും നല്‍കുന്നു. ഭീകരവാദം കയറ്റുമതി ചെയ്യുന്നു. ഈ തീവ്രവാദികളും ഇന്ത്യയ്ക്കു ഭീഷണിയാണ്. മറ്റൊരു രാജ്യത്തിനെതിരേയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു നേരേ കാനഡ കണ്ണടയ്ക്കുകയാണ്. മറ്റൊരു പരമാധികാര രാജ്യത്തിനെതിരേ തീവ്രവാദം വളര്‍ത്തുകയാണ് സ്വന്തം പൗരന്മാര്‍ എന്നറിഞ്ഞിട്ടും കാനഡ അവര്‍ക്കെതിരേ നടപടി എടുക്കുന്നില്ല എന്നതാണ് ഭാരതവുമായുള്ള നയതന്ത്ര അസ്വാരസ്യങ്ങളുടെ ഏറ്റവും പ്രധാന കാരണം.

ടൊറന്റോയില്‍ സിഖ് ദിനമായ ഖല്‍സആഘോഷ പരിപാടിയിലും ഇത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആവര്‍ത്തിച്ചു. ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുമ്പോള്‍ ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍, സിഖ് ജനതയുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും എന്തുവിലകൊടുത്തും കാനഡ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കി. ട്രൂഡോയുടെ പ്രസംഗത്തിനിടെ ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളും ഉയര്‍ന്നു കേള്‍ക്കാമായിരുന്നു. ഖല്‍സ ദിന പരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ ട്രൂഡോ നടക്കുന്നതിനിടെയാണ് ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്.

ഇതോടൊപ്പം അറിയേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത് വന്ത് സിംഗ് പന്നുവിനെതിരേയുള്ള വധശ്രമക്കേസില്‍ യു എസ് പോലീസ് മാന്‍ഹട്ടന്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ ചില വാര്‍ത്തകള്‍ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വധശ്രമത്തിനായി ഇന്ത്യന്‍ ഓഫീസര്‍ ഗൂഢാലോചന നടത്തിയെന്നും ‘സിസി-1’ എന്ന് പരാമര്‍ശിച്ചയാള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഓഫീസര്‍ വിക്രം യാദവ് ആണെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. വിക്രം യാദവ് ഈ ആവശ്യത്തിനായി ഒരു ഹിറ്റ് ടീമിനെ നിയമിക്കുകയും അമേരിക്കന്‍ മണ്ണില്‍ പന്നൂനെതിരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. എന്നാല്‍ പന്നൂനെതിരെയുള്ള ഗൂഢാലോചന പരാജയപ്പെട്ടു. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിസമ്മതിച്ചതായും വാഷിംഗ്ടണ്‍ പോസ്റ്റ് അവകാശപ്പെട്ടു. യുഎസിന്റെയും കാനഡയുടെയും ഇരട്ട പൗരത്വമുള്ള പന്നുവിനെ കൊലപ്പെടുത്താനുള്ള പദ്ധതിയില്‍ ഇന്ത്യക്കു പങ്കില്ലെന്ന് നേരത്തേ വിദേശകാര്യമന്ത്രാലയം നിലപാട് വ്യക്തമാക്കിയിരുന്നു.

ഖലിസ്ഥാന്‍ ഭീകരനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെന്ന യുഎസ് ആരോപണം നേരത്തേ ഇന്ത്യക്കാരനായ നിഖില്‍ ഗുപ്തയുടെ നേര്‍ക്കായിരുന്നു. പന്നുവിനെ കൊലപ്പെടുത്താന്‍ നിഖില്‍ ഗുപ്ത വഴി പദ്ധതിയിട്ടു എന്നാണ് കുറ്റപത്രം പറയുന്നത്. ഇതിനായി വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കിയെന്നും എന്നാല്‍ അവരിലൊരാള്‍ യുഎസിന്റെ രഹസ്യാന്വേഷണ ഏജന്റായിരുന്നുവെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇന്ത്യയിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും കുറ്റകൃത്യത്തില്‍ പങ്കാളിയാണെന്ന് യുഎസ് പറയുന്നുണ്ടെങ്കിലും പേരു വെളിപ്പെടുത്തിയിട്ടിയിരുന്നില്ല. ഇതാണ് വിക്രം യാദവ് ആണെന്ന് വാഷിംഗ് ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

പന്നുവിനെ യുഎസില്‍ കൊലപ്പെടുത്താന്‍ ഇന്ത്യയുടെ അറിവോടെ ശ്രമിച്ചു എന്ന ആരോപണത്തിനു തെളിവായി 15 പേജുള്ള കുറ്റപത്രമാണ് മാന്‍ഹാറ്റന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. യുഎസ് കൈമാറിയ ചില വിവരങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.ഒരു ലക്ഷം യുഎസ് ഡോളറിനാണു ക്വട്ടേഷന്‍ ഉറപ്പിച്ചത്. ഇതില്‍ 15,000 ഡോളര്‍ മുന്‍കൂറായി കൈമാറുകയും ചെയ്തു. പണം കൈമാറുന്നതിന്റെ ചിത്രമടക്കം കുറ്റപത്രത്തിലുണ്ട്. കാനഡയില്‍ ഹര്‍ദീപ് സിങ് നിജ്ജാറിനെ ജൂണ്‍ 18നു കൊലപ്പെടുത്തിയത് ഇന്ത്യയാണെന്ന് ‘ഓഫിസര്‍’ പറയുന്ന സന്ദേശങ്ങളും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു. അതു പോലെ പന്നുവും ലക്ഷ്യമാണെന്നും ഇതു നടത്തിയാല്‍ കൂടുതല്‍ ‘ജോലി’ തരാമെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു

Related Articles

Latest Articles