Thursday, April 18, 2024
spot_img

അറിയാം ‘ശിവലിംഗവും ബുദ്ധരൂപവും’ ഒരുമിച്ച് സ്ഥിതി ചെയ്യുന്ന അപൂർവ്വ ക്ഷേത്രം | Mahakal Temple

അപൂർവ്വങ്ങളായ ക്ഷേത്രങ്ങൾ കൊണ്ട് പ്രസിദ്ധമായ നാടാണ് പശ്ചിമബംഗാളും അവിടുത്തെ ഡാർജലിങ്ങും. മനോഹരമായ സ്ഥലങ്ങൾ കൊണ്ട് സമ്പന്നമായ ഇവിടെ എത്തുന്നവരിൽ വിശ്വാസികളും ധാരാളമുണ്ട്. അപൂർവ്വമായ നിർമ്മിതി കൊണ്ടും വിചിത്രമായ വിശ്വാസങ്ങൾ കൊണ്ടും ഹൃദയത്തിൽ ഇടം പിടിക്കുന്ന ഇവിടുത്തെ ഒരു പ്രധാന ക്ഷേത്രമാണ് മഹാകാൽ മന്ദിർ. സമയത്തിന്റെ നാഥനായ ശിവനെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ അറിയാം….

ഡാർജിലിങ്ങിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായാണ് മഹാകാൽ മന്ദിർ അറിയപ്പെടുന്നത്. പ്രദേശവാസികൾ വിശുദ്ധ മല എന്നു വിളിക്കുന്ന ഒരു കുന്നിന്റെ മുകളിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് പ്രത്യേകതകൾ ധാരളമുണ്ട്. നഗരത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് ഈ ക്ഷേത്രമുള്ളത്.

ബുദ്ധമതത്തിലും ഹൈന്ദവ മതത്തിലും പെട്ടവർ ഒരുപോലെ വിശുദ്ധമായി കാണുന്ന ഒരു അപൂർവ്വ ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിന്‍റെ അൾത്താര രണ്ടു വിഭാഗക്കാരും പങ്കിട്ട് ഉപയോഗിക്കുന്നിടത്താണ് ഇതിന്റെ പ്രത്യേകതയുള്ളത്.

ഇപ്പോൾ ഇവിടെ നിലനില്‍ക്കുന്ന ക്ഷേത്രത്തിന്റെ സ്ഥാനത്ത് നേരത്തെ ഒരു ബുദ്ധക്ഷേത്രമായിരുന്നു ഉണ്ടായിരുന്നത് എന്നാണ് വിശ്വാസം. ഡോർജെ-ലിങ് എന്നു പേരായ ഈ ക്ഷേത്രം ലാമാ ഡോർജെയ് റിൻസിങ്ങ് 1765 ൽ സ്ഥാപിച്ചതാണ്. പിന്നാട് കഥകൾ പറയുന്നതനുസരിച്ച് മൂന്നു ശിവലിംഗങ്ങൾ ഈ ക്ഷേത്രത്തിനു സമീപം പ്രത്യക്ഷപ്പെട്ടുവത്രെ. ബ്രഹ്മ, വിഷ്ണു, മഹേശ്വർ എന്നിവരെ പ്രതിനിധീകരിക്കുന്ന മൂന്നു ശിവലിംഗങ്ങളായിരുന്നുവത്രെ അത്. 1782 ലാണ് ഇത് സംഭവിക്കുന്നത്. പിന്നീട് 1815 ആയപ്പോഴേയ്ക്കും ബുദ്ധ ക്ഷേത്രം പൂർണ്ണമായും നശിച്ചു പിന്നീട് ഇവിടെ നിന്നും ഒന്നര മൈല്‍ ദൂരത്തിലുള്ള ബൂട്ടിയ ബസ്റ്റിയിലേക്ക് ബുദ്ധ ക്ഷേത്രത്തെ മാറ്റി സ്ഥാപിക്കുകയും ചെയ്തു.
ഡാർജലിങ്ങിന് ആ പേരു വന്നതിനു പിന്നിൽ ഈ ക്ഷേത്രമാണെന്നും ഒരു വിശ്വാസമുണ്ട്.

ഇന്നു ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥാനത്താണ് ഡാർജലിങിലെ സംസ്കാരത്തിന് തുടക്കം കുറിച്ചത് എന്നാണ് കരുതുന്നത്. ആളുകൾ ഒരുമിച്ചു കൂടിയിരുന്നതും മറ്റും ഇവിടെയായിരുന്നു എന്നാണ് കരുതുന്നത്. ഇവിടെ നിന്നുമാണ് മറ്റു സ്ഥലങ്ങളിലേക്ക് ആളുകൾ പോയത്. മാത്രമല്ല, സിക്കിമിലെ രാജവംശത്തിൻരെ കീഴിലായിരുന്നു ഇവിടമെന്നും കഥകളുണ്ട്.

ഇന്ന് ഇവിടെയുള്ളത് ഒരു ശിവക്ഷേത്രമാണ്. വൃത്താകൃതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. നടുവിലായി ശിവലിംഗം സ്ഥാപിച്ചിട്ടുണ്ട്. മറ്റൊരു പ്രത്യേകത എന്നത് ഈ ശിവലിംഗത്തോട് ചേർന്നു തന്നെ ബുദ്ധരൂപങ്ങളും സ്ഥാപിച്ചിട്ടുണ്ട് എന്നതാണ്.

ബുദ്ധ വിശ്വാസികളുടെ തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷം ശിവരാത്രിയാണ്. അന്നേ ദിവസം ഇവിടുത്തെ എല്ലാ ഭാഗങ്ങളിലും നിന്നും ധാരാളം ആളുകൾ എത്താറുണ്ട്. ഹൈന്ദവ പുരോഹിതനും ബുദ്ധ സന്യാസിയും ചേർന്ന് ഒരുമിച്ച് പൂജകൾ നടത്തുന്നത് ഇവിടെ മാത്രം കാണുവാൻ കഴിയുന്ന ഒരു കാഴ്ചയാണ്.
സരസ്വതി പൂജ, ഗണേഷ് പൂജ, ഹനുമാൻ പൂജ, ദുര്ഡഗാ മാതാ പൂജ തുടങ്ങിയവയും ഇവിടെ നടത്താറുണ്ട്. കൂടാതെ ബുദ്ധ ജയന്തിയും ഇവിടുത്തെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles