Thursday, March 28, 2024
spot_img

മഹാരാഷ്ട്രകേസില്‍ ബിജെപിക്ക് ആശ്വാസം: വിശ്വാസ വോട്ടെടുപ്പില്‍ സുപ്രീംകോടതി ഉത്തരവ് നാളെ പത്തരയ്ക്ക്

ദില്ലി: മഹാരാഷ്ട്ര കേസില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. വിശ്വാസ വോട്ടെടുപ്പ് എപ്പോള്‍ വേണമെന്ന കാര്യത്തിലെ ഉത്തരവ് നാളെ പത്തരയ്ക്ക് പറയാമെന്ന് സുപ്രീംകോടതി. വിശദമായ വാദം കേട്ടാണ് സുപ്രീംകോടതി തീരുമാനമെടുത്തത്. 24 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ശിവസേന കോണ്‍ഗ്രസ് എന്‍സിപി കക്ഷികള്‍ ആവശ്യപ്പെട്ടു. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ രണ്ടാഴ്ചത്തെ സമയം വേണമെന്നാണ് ബിജെപി ആവശ്യപ്പെട്ടത്.

ഇരുപത്തിനാലോ നാല്‍പ്പത്തെട്ടോ മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് വേണം. മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറാക്കണം. വിശ്വാസ വോട്ടെടുപ്പ് നടപടികള്‍ എല്ലാവര്‍ക്കും കാണുന്ന വിധത്തില്‍ സുതാര്യമാക്കണം എന്നീ മൂന്ന് ആവശ്യങ്ങളാണ് പ്രധാനമായും സേന എന്‍സിപി കോണ്‍ഗ്രസ് സഖ്യം ആവശ്യപ്പെട്ടത്.

എന്നാല്‍ ഭരണഘടനാപരമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിച്ചതെന്നും വിശ്വാസ വോട്ടെടുപ്പ് എപ്പോള്‍ വേണമെന്ന് തീരുമാനിക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമുണ്ടെന്നും കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണ അറിയിച്ച് അജിത് പവാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയത് വിശദമായ കത്താണെന്ന് ബിജെപി. കേന്ദ്ര സര്‍ക്കാരിനും ഗവര്‍ണറുടെ സെക്രട്ടറിക്കും വേണ്ടി ഹാജരായ തുഷാര്‍ മേത്തയാണ് സുപ്രീംകോടതിയില്‍ കത്ത് ഹാജരാക്കിയത്. മൂന്നംഗ ബെഞ്ച് കേസ് പരിഗണിച്ചപ്പോള്‍ തന്നെ ഗവര്‍ണറുടെ കത്ത് കയ്യിലുണ്ടെന്നും. തിരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയിലുണ്ടായ സംഭവങ്ങള്‍ വിശദീകരിക്കാന്‍ സമയം വേണമെന്ന് തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.

54 പേരുടെ പിന്തുണ അവകാശപ്പെട്ട് അജിത് പവാര്‍ നല്‍കിയ കത്ത് തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ വായിച്ചു. എന്‍സിപിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിട്ടുണ്ട് എന്ന് അവകാശവാദവും കത്തിലുണ്ട്. എംഎല്‍എമാരുടെ പട്ടികയും കത്തിനൊപ്പം ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുണ്ട്. ഗവര്‍ണര്‍ പുറത്തിറങ്ങി നടന്ന് പിന്തുണ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പാക്കേണ്ട കാര്യം ഗവര്‍ണര്‍ക്ക് ഇല്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി നല്‍കിയതെന്ന വിശദീകരണമാണ് സുപ്രീംകോടതിയില്‍ തുഷാര്‍ മേത്ത വ്യക്തമാക്കിയത്.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടെന്നും രേഖകള്‍ വ്യാജമല്ലെന്നും ദേവേന്ദ്ര ഫഡ്‌നാവിസിന് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി വാദിച്ചു. 54 എംഎല്‍എമാരുടെ പിന്തുണ അറിയിച്ച് നല്‍കിയ കത്ത് നയമപരമായും ഭരണഘടനാപരമായും നിലനില്‍ക്കുന്നതാണെന്ന് അജിത് പവാര്‍ കോടതിയില്‍ പറഞ്ഞു. ഞാനാണ് എന്‍സിപി. നിയമസഭാ കക്ഷി നേതാവ് എന്ന നിലയിലാണ് കത്ത് നല്‍കിയതെന്നും അജിത് പവാര്‍ കോടതിയില്‍ വാദിച്ചു.

ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഒരു ഇടക്കാല ഉത്തരവും നല്‍കാന്‍ കോടതിക്ക് അധികാരമില്ലെന്ന് കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. ഗവര്‍ണര്‍ക്ക് മുന്നിലല്ല നിയമസഭയിലാണ് ഭൂരിപക്ഷം തെളിയിക്കേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചു കൊണ്ട് ഗവര്‍ണ്ണര്‍ നല്‍കിയ കത്തും, ഭൂരിപക്ഷം ഉണ്ടെന്ന് ദേവേന്ദ്ര ഫട്‌നാവിസ് നല്‍കിയ കത്തുമാണ് കോടതി പരിശോധിച്ചത്. പത്തരക്ക് കോടതി ചേരുന്നതിന് മുന്‍പ് രേഖകള്‍ എത്തിക്കണമെന്നായിരുന്നു നിര്‍ദ്ദേശം.

Related Articles

Latest Articles