Saturday, May 11, 2024
spot_img

ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിൽ വധിച്ചത് മൈസർ അഹമ്മദിനെ ; ആർടിഎഫ് ഭീകരനെ തിരിച്ചറിഞ്ഞ് സൈന്യം ; വെടിനിർത്തൽ കരാർ ലംഘിച്ച് പാക് പട്ടാളം നടത്തിയ ആക്രമണത്തിൽ ബിഎസ്എഫ് ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ​സൈന്യം വധിച്ച ഭീകരനെ തിരിച്ചറിഞ്ഞു. ദ റെസിസ്റ്റൻസ് ഫ്രണ്ടുമായി ചേർന്ന് പ്രവർത്തിക്കുന്ന മൈസർ അഹമ്മദ് ദർ എന്ന ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് കശ്മീർ സോൺ പോലീസ് വ്യക്തമാക്കി. ഷോപ്പിയാനിലെ കത്തോഹാലൻ മേഖലയിൽ ഇന്നലെ പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്.

പ്രദേശത്ത് തീവ്രവാദി സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സുരക്ഷാ സേന പരിശോധനയ്‌ക്കെത്തിയത്. ഇതിനിടെ ഭീകരർ ആക്രമണം അ‌ഴിച്ചുവിടുകയായിരുന്നു. അടുത്തിടെയാണ് ഇയാൾ ഭീകരസംഘടനയുടെ ഭാഗമായതെന്ന് കശ്മീർ പോലീസ് അറിയിച്ചു. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും രാജ്യവിരുദ്ധ രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഇവ വിശദമായി പരിശോധിച്ചുവരികയാണ്.

ഇതിനിടെ പാക്കിസ്ഥാന്റെ ആക്രമണത്തിൽ പരിക്കേറ്റ ബിഎസ്എഫ് ജവാൻ ചികിത്സയിലിരിക്കെ വീരമൃത്യു വരിച്ചു. അന്താരാഷ്‌ട്ര അതിർത്തിയിൽ യാതൊരു പ്രകോപനവും കൂടാതെയാണ് അതിർത്തി സുരക്ഷാസേനയ്‌ക്ക് നേരെ പാക് പട്ടാളക്കാർ വെടിയുതിർത്തത്. കഴിഞ്ഞ 24 ദിവസത്തിനിടെ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന മൂന്നാമത്തെ വെടിനിർത്തൽ കരാർ ലംഘനമാണിത്. പാക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബിഎസ്എഫ് ജവാനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Latest Articles