Saturday, May 18, 2024
spot_img

കടകംപള്ളിയെ അറസ്റ്റ് ചെയ്യണമെന്ന കർശന നിർദ്ദേശവുമായി കോടതി.28നകം കോടതിയിൽ ഹാജരാക്കണമെന്ന് ഡി ജി പിക്ക് മജിസ്‌ട്രേറ്റിന്റെ കർശന നിർദ്ദേശം…

വഴി തടയല്‍ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. മന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് മജിസ്ട്രേറ്റ് ജയകൃഷ്ണന്‍ നിര്‍ദേശം നല്‍കി. അറസ്റ്റ് വാറന്റ് ഒന്നര വര്‍ഷത്തിലേറെ വൈകിപ്പിച്ച് മന്ത്രിയെ അറസ്റ്റ് ചെയ്യാതെ പൂജപ്പുര പോലീസ് കോടതിയില്‍ മടക്കി നല്‍കിയതിനാലാണ് ഡിജിപിക്ക് ഉത്തരവ് നല്‍കിയത്.

കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് അണിയറ നീക്കം നടക്കുന്നതിനിടയിലാണ് കോടതി നടപടി. മന്ത്രിയടക്കം പതിനഞ്ച് പ്രതികളെ അറസ്റ്റ് ചെയ്ത് 28നകം കോടതിയില്‍ ഹാജരാക്കാനാണ് ഉത്തരവ്. മന്ത്രി സുരേന്ദ്രന്‍ അടക്കം പതിനഞ്ച് പ്രതികള്‍ ഒളിച്ചു മാറി നടക്കുന്നതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാവകാശം വേണമെന്ന് ഒന്നര വര്‍ഷത്തിലേറെയായി കോടതിയില്‍ പൂജപ്പുര പോലീസിന്റെ റിപ്പോര്‍ട്ട്.

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും മുന്‍ എംഎല്‍എ ശിവന്‍കുട്ടിയും കേസിലെ പ്രതികളാണ്. പ്രതികളുടെ വീട് പൂട്ടിക്കിടക്കുന്നു, ഇപ്പോഴത്തെ വാസ സ്ഥലം എവിടെയാണെന്നറിയില്ല, താമസം മാറിപ്പോയി, പരിസരവാസികളെയും സ്ഥലവാസികളെയും കണ്ടു ചോദിച്ചതില്‍ നിലവിലുള്ള വിലാസം അറിയില്ലായെന്ന് പറയുന്നു, കേസുണ്ടെന്ന വിവരം മനസ്സിലാക്കി ഒളിച്ചു മാറി നടക്കുന്നു, ഉത്തരവ് നടപ്പാക്കാന്‍ സാവകാശത്തിനായി അപേക്ഷിക്കുന്നു എന്നിങ്ങനെ കളവായ മുടന്തന്‍ ന്യായങ്ങള്‍ ഒഴുക്കന്‍ മട്ടില്‍ രേഖപ്പെടുത്തിയാണ് കോടതിയില്‍ നിന്നയച്ച സമന്‍സും വാറന്റ് ഉത്തരവുകളും പോലീസ് മടക്കിയത്. 2012 ലാണ് കേസിനാസ്പദമായ സംഭവം. പൂജപ്പുര ജങ്ഷന് മുന്നിലുള്ള പബ്ലിക് റോഡില്‍ നേതാക്കളുടെ നേതൃത്വത്തില്‍ അന്യായമായി സംഘം ചേര്‍ന്ന് കാല്‍നടയാത്രക്കാര്‍ക്കും വാഹന ഗതാഗതത്തിനും തടസ്സം സൃഷ്ടിച്ച് സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയെന്നാണ് കേസ്

Related Articles

Latest Articles