Thursday, May 2, 2024
spot_img

തിരക്ക് കുറഞ്ഞിട്ടും വാഹനങ്ങള്‍ കടത്തിവിടുന്നില്ല; ശബരിമലയിലെ പൊലീസ് നടപടികളില്‍ അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം ബോര്‍ഡ്, പൊലീസിനെതിരെ പ്രതിഷേധവുമായി തീര്‍ത്ഥാടകരും…

ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളില്‍ അതൃപ്തിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നിലവിലെ നിയന്ത്രണങ്ങള്‍ അനാവശ്യമാണെന്നും സന്നിധാനത്ത് തിരക്ക് കുറഞ്ഞിട്ടും വാഹനങ്ങള്‍ കടത്തിവിടുന്നില്ലെന്നും പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. ഭക്തരെ ബുദ്ധിമുട്ടിക്കുന്ന പൊലീസ് നിയന്ത്രണങ്ങളെക്കുറിച്ചുളള അതൃപ്തി ഡിജിപിയുള്‍പ്പടെയുളളവരെ അറിയിക്കുമെന്നും എന്‍.വാസു പറഞ്ഞു.

ശബരിമലയിലെ തിരക്ക് കുറയ്ക്കാന്‍ ഇടത്താവളങ്ങളില്‍ പൊലീസ് വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍, എരുമേലിയില്‍ നിന്നും പമ്പയിലേക്കെത്താന്‍ 7 മണിക്കൂര്‍ സമയം എടുക്കുന്നുണ്ട്. തീര്‍ത്ഥാടകരുടെ നിര മരക്കൂട്ടം വരെ നീളുമ്പോഴും സന്നിധാത്തെ ഫ്‌ളൈ ഓവറില്‍ തിരക്കില്ലെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. എരുമേലി, പ്ലാപ്പള്ളി, ളാഹ എന്നിവിടങ്ങളിലും പൊലീസ് തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ തടഞ്ഞു. പൊലീസ് വാഹനങ്ങള്‍ തടയുന്നത് മൂലം 10 മണിക്കൂറിലേറെ തീര്‍ത്ഥാടകര്‍ വഴിയില്‍ കുടുങ്ങി. തുടര്‍ന്ന് പൊലീസിനെതിരെ പ്രതിഷേധവുമായി തീര്‍ത്ഥാടകരും രംഗത്ത് വന്നു.

കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ദര്‍ശനം കഴിഞ്ഞ് മലയിറങ്ങുന്നവര്‍ക്ക് തിരികെ പോകാന്‍ വാഹനങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. പതിനെട്ടാം പടി കയറുന്ന തീര്‍ഥാടകരോടുള്ള പൊലീസ് സമീപനത്തിനെതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്.

അതേസമയം ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചകള്‍ ഉണ്ടായിട്ടും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ശബരിമലയില്‍ എത്തിയിട്ടില്ല.

Related Articles

Latest Articles