ശബരിമല :ശബരിമലയെ ഭക്തിസാന്ദമാക്കി പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞു. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയെ കണ്ട് തൊഴുത് ഭക്തർ മലയിറങ്ങുകയാണ്. സന്നിധാനത്തും സമീപ പ്രദേശങ്ങളിലും പുല്ലുമേട്ടിലുമായി മകരവിളക്ക് ദർശനത്തിനായി കാത്തുനിന്ന ആയിരക്കണക്കിന് അയ്യപ്പന്മാർ മകരജ്യോതി ദർശിച്ച് സായൂജ്യം നേടി.
അയ്യപ്പൻറെ തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര വൈകുന്നേരം 6.20 ഓടെയാണ് സന്നിധാനത്ത് എത്തിയത്. തിരുവാഭരണ വാഹകസംഘത്തെ ദേവസ്വം മന്ത്രി വി എൻ വാസവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ, അംഗങ്ങളായ പി ഡി സന്തോഷ് കുമാർ, കെ രാജു തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. സോപാനത്ത് തിരുവാഭരണ പേടകം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവർ ഏറ്റുവാങ്ങി. പന്തളം കൊട്ടാരത്തിൽ നിന്ന് എത്തിച്ച തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന വൈകിട്ട് 6.40 ന് നായിരുന്നു. ഈ സമയം തന്നെ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞതോടെ വിശ്വാസികൾ ദർശനപുണ്യം നേടി.
മകരവിളക്കിന് ശേഷം ജനുവരി 20-ാം തീയതി വരെ ഭക്തർക്ക് ദർശനം നടത്താം. 21-ാം തീയതി രാവിലെ പന്തളം രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം നട അടയ്ക്കുന്നതോടെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് സമാപ്തിയാകും.

