Sunday, September 27, 2026

അധ്യാപകനായിരിക്കെ ലൈംഗികമായി പീഡിപ്പിച്ചത് അറുപതോളം വിദ്യാർത്ഥിനികളെ: മലപ്പുറം നഗരസഭയിലെ CPM കൗൺസിലര്‍ സ്ഥാനം കെ വി ശശികുമാർ രാജിവെച്ചു

മലപ്പുറം: മലപ്പുറം നഗരസഭയിലെ സിപിഎം കൗൺസിലർ കെ വി ശശികുമാറിനെതിരെ കൂടുതൽ പീഡന പരാതികൾ. ശശികുമാര്‍ അധ്യാപകനായിരുന്ന മലപ്പുറത്തെ ഒരു എയ്ഡഡ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിനികളാണ് പരാതി നല്‍കിയത്. തുടർന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ മീ ടുആരോപണങ്ങൾ നേരിട്ടതോടെ ശശികുമാർ നഗരസഭാ അംഗത്വം രാജിവെച്ചു.

അതേസമയം ശശികുമാർ അധ്യാപകനായിരുന്ന 30 വർഷത്തിനിടെ പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് സ്കൂളിൽ നിന്നും വിരമിച്ചതിന് പിന്നാലെ, അധ്യാപക ജീവിതവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ ഒരു കുറിപ്പെഴുതിയിരുന്നു.

പിന്നാലെ അധ്യാപകനില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന് ഒരു പൂര്‍വ വിദ്യാര്‍ഥിനി ഈ പോസ്റ്റിനു താഴെ കമന്‍റിട്ടു. ഇതിനു പിന്നാലെ സിപിഎം പാർട്ടി കമ്മറ്റിയും ഇദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരാതിയും ആരോപണവും ഉയർന്ന സമയത്ത് ശശികുമാർ ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നതായും പറയുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് ശശികുമാര്‍ സ്കൂളില്‍ നിന്ന് വിരമിച്ചത്.

പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. അറുപതോളം വിദ്യാർത്ഥിനികളെ പല കാലങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്‌മ പറയുന്നത്. 2019ല്‍ സ്കൂള്‍ അധികൃതരോട് ചില വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പറയുന്നു.

Related Articles

Latest Articles