Sunday, May 26, 2024
spot_img

കോഴിക്കോട് ഭക്ഷ്യ വിഷബാധ: കുട്ടികളടക്കം നൂറോളം പേര്‍ ചികിത്സ തേടി

പേരാമ്പ്ര: കായണ്ണയില്‍ നൂറോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ. കുട്ടികളടക്കം 100 ഓളം പേർ ചികിത്സ തേടി. വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചവരാണ് അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സ തേടിയത്. വയറിളക്കം, ഛർദ്ദി, പനി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം ഈ മാസം 7, 8 തീയതികളിലായിരുന്നു വിവാഹചടങ്ങുകള്‍. തുടർന്ന് തലേ ദിവസം പങ്കെടുത്തവര്‍ക്കും വിവാഹ ദിവസം പങ്കെടുത്തവര്‍ക്കും ഭക്ഷ്യ വിഷബാധയേറ്റിട്ടുണ്ട്. വെള്ളത്തിൽ നിന്നാണ് വിഷബാധ ഏറ്റതെന്നാണ് പ്രാഥമിക നിഗമനം.

മാത്രമല്ല ചികിത്സയിലുള്ളവരില്‍ കൂടുതല്‍ പേരും കുട്ടികളാണ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ഇതിനിടെ ഭക്ഷ്യവിഷബാധയേറ്റ കുട്ടികളെ പ്രവേശിപ്പിച്ച പേരാമ്പ്ര താലൂക്കാശുപത്രിയിൽ കുട്ടികളുടെ ഡോക്ടർമാരില്ലാത്തത് പ്രതിഷേധത്തിനിടയാക്കി. സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ ഇല്ലാത്തതോടെ കുട്ടികളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ നിലവില്‍ താലൂക്ക് ആശുപത്രി, ഇഎംഎസ് സഹകരണാശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് കൂടുതല്‍ പേരും ചികിത്സയിലുള്ളത്.

 

Related Articles

Latest Articles