മലപ്പുറം: പെരിന്തൽമണ്ണയിൽ ഭാര്യയെയും മകളേയും ഗുഡ്സ് ഓട്ടോയിലിട്ട് സ്ഫോടക വസ്തു ഉപയോഗിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത മുഹമ്മദ് പോക്സോ കേസ് പ്രതി. കൂടാതെ മരിച്ച ജാസ്മിന് പുറമേ മറ്റൊരു ഭാര്യകൂടി മുഹമ്മദിനുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.
കാസർകോട് ഇയാൾക്കെതിരെ പോക്സോ കേസ് ഉണ്ടെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. മാത്രമല്ല കൃത്യമായ ആസൂത്രണത്തോടെയാണ് മുഹമ്മദ് ജാസ്മിനെയും കുട്ടികളെയും കൊലപ്പെടുത്താൻ എത്തിയതെന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പി സന്തോഷ് പറഞ്ഞു.
അതേസമയം ഓട്ടോയിൽ സ്ഫോടക വസ്തുക്കൾ അല്ല പടക്കങ്ങൾ ആണ് ഉണ്ടായിരുന്നത്. കാസർകോട് രജിസ്റ്റർ ചെയ്തിട്ടുള്ള പോക്സോ കേസിൽ ഇയാൾ പ്രതിയാണ്. മുഹമ്മദിന് മറ്റൊരു ഭാര്യകൂടിയുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു
ഭാര്യയുടെ തറവാട് വീട്ടിന് സമീപത്ത് വച്ച് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഇന്നു രാവിലെ ഇവിടെ എത്തിയ ഇയാൾ ഭാര്യയേയും മക്കളേയും അടുത്തുള്ള റബ്ബർ തോട്ടത്തിന് സമീപത്തേക്ക് വരുത്തുകയായിന്നുവെന്നാണ് വിവരം. ഇവിടെ വച്ച് മുഹമ്മദും ഭാര്യയും തമ്മിൽ വാക്കേറ്റമായി. പിന്നാലെ ഭാര്യയേയും രണ്ടു മക്കളേയും വണ്ടിയിൽ കേറ്റി ഇയാൾലോക്ക് ചെയ്തു. ഈ സമയത്ത് ജാസ്മിൻ്റെ സഹോദരിമാർ ബഹളം കേട്ട് സ്ഥലത്തേക്ക് എത്തി. മുഹമ്മദ് വാഹനത്തിന് തീകൊളുത്തിയ കണ്ട സഹോദരിമാരിൽ ഒരാൾ രണ്ടു കുട്ടികളിൽ ഒരാളെ വലിച്ചു പുറത്തേക്കിട്ടു. ആ പെൺകുട്ടി സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

