Wednesday, January 7, 2026

പഞ്ചാബില്‍ 21 കാരനായ മലയാളി വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവം; കോഴിക്കോട് NIT-യിലെ അദ്ധ്യാപകനെതിരെ ആത്മഹത്യ കുറിപ്പ്; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ദില്ലി: പഞ്ചാബിലെ ലൗലി പ്രൊഫഷണല്‍ സര്‍വകലാശാലയില്‍ മരിച്ച മലയാളി വിദ്യാർത്ഥിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ അഖിന്‍ എസ്. ദിലീപ്(21) എഴുതിയ കുറിപ്പാണ് ഹോസ്റ്റല്‍ മുറിയില്‍നിന്ന് ലഭിച്ചത്. അഖിന്‍ നേരത്തെ പഠിച്ച കോഴിക്കോട് എന്‍.ഐ.ടി.യിലെ അദ്ധ്യാപകനെതിരെയാണ് വിദ്യാർത്ഥി കുറിപ്പില്‍ പരാമര്‍ശമുള്ളത്.

വൈകാരികമായി തന്നെ തെറ്റിദ്ധരിപ്പിച്ച്, കോഴിക്കോട് എന്‍.ഐ.ടി.യിലെ പഠനം അവസാനിപ്പിക്കാനിടയായതിന് പ്രൊഫ. പ്രസാദ് കൃഷ്ണയെ കുറ്റപ്പെടുത്തുന്നുവെന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്. താനെടുത്ത തീരുമാനത്തില്‍ പശ്ചാത്തപിക്കുന്നതായും താന്‍ എല്ലാവര്‍ക്കും ഭാരമാണെന്നും അതിൽ വ്യക്തമായിരുന്നു. ഹോസ്റ്റല്‍ മുറിയില്‍നിന്ന് കണ്ടെടുത്ത കുറിപ്പ് അഖിന്റേതാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്.

ലൗലി പ്രൊഫഷണല്‍ സര്‍വകലാശാലയിലെ ഒന്നാംവര്‍ഷ ബി.ഡിസൈന്‍ വിദ്യാര്‍ത്ഥിയായ അഖിന്‍ നേരത്തെ കോഴിക്കോട് എന്‍.ഐ.ടി.യിലെ ബി.ടെക്ക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു. എന്നാല്‍ ചില പരീക്ഷകള്‍ പരാജയപ്പെട്ടത് കാരണം എന്‍.ഐ.ടി.യിലെ പഠനം തുടരാന്‍ കോഴ്‌സ് ഡയറക്ടര്‍ പഠനം തുടരാന്‍ അനുവദിച്ചില്ലെന്നാണ് ലഭിച്ച വിവരം .

ഇതിനിടെ, അഖിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെത്തിയും അന്വേഷണം നടത്താനാണ് പഞ്ചാബ് പോലീസിന്റെ നീക്കം.

Related Articles

Latest Articles