Wednesday, May 15, 2024
spot_img

മല്ലികാർജുൻ ഖർഗെ I.N.D.I മുന്നണിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ! കൺവീനർ സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ച് നിതീഷ് കുമാർ ! സീറ്റ് വിഭജനം ഇന്നും കീറാമുട്ടി

I.N.D.I മുന്നണിയുടെ അദ്ധ്യക്ഷനായും കൺവീനറായും കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ തിരഞ്ഞെടുത്തു. കൺവീനർ സ്ഥാനത്തേക്ക് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരിഗണിച്ചെങ്കിലും അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചില്ല. ഇതോടെയാണ് മല്ലികാർജുൻ ഖാർഗയെ കൺവീനർ സ്ഥാനത്തേക്ക് കൂടി പരിഗണിച്ചത്. കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ളയാൾ തന്നെ പദവി ഏറ്റെടുക്കണമെന്നായിരുന്നു നിതീഷിന്റെ നിലപാട്.

ഇന്നു ചേർന്ന പ്രതിപക്ഷ കക്ഷികളുടെ ഓൺലൈൻ യോഗത്തിലാണ് ഖാർഗെയെ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തത്.തൃണമൂൽ നേതാവും പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി യോഗത്തിൽ പങ്കെടുത്തില്ല. യോഗത്തെക്കുറിച്ച് നേരത്തെ അറിയിച്ചിരുന്നില്ലെന്നും മുൻകൂട്ടി തീരുമാനിച്ച പരിപാടിയുള്ളതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് മമത പറഞ്ഞതായും തൃണമൂൽ വൃത്തങ്ങൾ അറിയിച്ചു. യോഗം കക്ഷി നേതാക്കളുടേതായതിനാൽ തൃണമൂൽ പ്രതിനിധിയെയും അയക്കാനുമായില്ല. എന്നാൽ യോഗത്തിൽ നിതീഷിനെ കൺവീനറായി തെരഞ്ഞെടുക്കാനുള്ള സാദ്ധ്യത മുന്നിൽക്കണ്ടാണ് മമത വിട്ടു നിന്നതെന്ന റിപ്പോർട്ടും വരുന്നുണ്ട്.

മുന്നണിയിലെ എല്ലാ പാർട്ടികൾക്കും സീറ്റ് വിഭജിക്കുന്നത് സംബന്ധിച്ച് ഇന്നും തീരുമാനമായില്ല.
സീറ്റ് വിഭജന ചർച്ചകളിലെ പുരോഗതിയും പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തേണ്ട സംയുക്ത റാലികളെക്കുറിച്ചുമാണ് പ്രധാനമായും ചർച്ച ചെയ്തത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ മുന്നണി നേതാക്കൾ പങ്കെടുക്കുന്നതും ചർച്ചയായി.

Related Articles

Latest Articles