Monday, April 29, 2024
spot_img

ഒടുവിൽ ബോധോദയം !ശബരിമലയിലെ മകരവിളക്ക് മഹോത്സവത്തിന് സുരക്ഷ ഉറപ്പാക്കാനായി ആയിരം പോലീസുകാരെ കൂടി അധികമായി നിയോഗിക്കും ! സന്നിധാനം സന്ദർശിച്ച് പോലീസ് മേധാവി

ശബരിമലയിലെ മകരവിളക്ക് മഹോത്സവത്തിന് സുരക്ഷ ഉറപ്പാക്കാനായി ആയിരം പോലീസുകാരെ കൂടി അധികമായി നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് അറിയിച്ചു. മകരവിളക്കുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താനായി ദേവസ്വം കോംപ്ലക്‌സില്‍ ഇന്ന് ചേർന്ന അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം.

നാല് എസ്പി.മാര്‍, 19 ഡിവൈഎസ്പിമാര്‍, 15 ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരടക്കം ആയിരം പോലീസ് ഉദ്യോഗസ്ഥരെ സന്നിധാനം, പമ്പ, നിലയ്ക്കല്‍, പാണ്ടിത്താവളം തുടങ്ങിയ ഇടങ്ങളിലാണ് അധികമായി വിന്യാസിക്കുക. കഴിഞ്ഞ മണ്ഡലകാല തീർത്ഥാടനത്തിന് ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ശബരിമലയിൽ ലഭ്യമാക്കിയിരുന്നില്ല എന്ന പരാതി ഉയർന്നിരുന്നു.

“മകരവിളക്ക് ഉത്സവം സുഗമമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങളെല്ലാം പോലീസ് ഒരുക്കിയിട്ടുണ്ട്. മകരവിളക്ക് കഴിഞ്ഞ് മലയിറങ്ങുന്ന ഭക്തര്‍ക്കായി കൃത്യമായ എക്‌സിറ്റ് പ്ലാനാണ് ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ദര്‍ശനത്തിനായി ഭക്തര്‍ ഒത്തുകൂടുന്ന ഇടങ്ങളില്‍ എല്ലാം വെളിച്ചം ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് കൃത്യമായ ഏകോപനത്തോടെയാണ് ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്.

അവലോകന യോഗത്തിനു ശേഷം സന്നിധാനത്തും പരിസരത്തും സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ പോലീസ് മേധാവി കൊടിമരത്തിനു സമീപത്തും പതിനെട്ടാം പടിയും സന്ദര്‍ശിച്ചു. തുടര്‍ന്ന് സന്നിധാനത്തു നിന്ന് മാളികപ്പുറത്തേക്കുളള നടപ്പാതയും മാളികപ്പുറം ക്ഷേത്രവും സന്ദര്‍ശിച്ചു. ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരെയും മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരിയെയും കണ്ടു. തന്ത്രി പ്രസാദം നല്‍കി പോലീസ് മേധാവിയെ സ്വീകരിച്ചു. മേല്‍ശാന്തി അദ്ദേഹത്തെ പൊന്നാടയണിയിച്ചു. ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹം മലയിറങ്ങിയത്.

Related Articles

Latest Articles