കുറ്റിപ്പുറം: പട്ടാപ്പകൽ പൂച്ചയെ കൊന്ന് പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്. മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാൻഡിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. അന്യസംസ്ഥാനക്കാരനായ യുവാവിനെയാണ് പച്ചക്ക് പൂച്ചയിറച്ചി കഴിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ ഇടപെട്ട് കാര്യം അന്വേഷിച്ചപ്പോഴാണ് ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്നും വിശപ്പ് സഹിക്കാനാകാതെയാണ് പൂച്ചയെ കൊന്ന് തിന്നുന്നതെന്നും യുവാവ് വെളിപ്പെടുത്തിയത്.
തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു. പോലീസ് ഇടപെട്ട് ഇയാൾക്ക് ഭക്ഷണം വാങ്ങിനൽകി. നൽകിയ ഭക്ഷണം കഴിച്ചശേഷം യുവാവ് അപ്രത്യക്ഷനാകുകയായിരുന്നു. ഇയാളെ കുറിച്ച് മറ്റ് വിവരങ്ങൾ ലഭ്യമല്ലെന്നാണ് പോലീസ് പറയുന്നത്. അതേസമയം വിശപ്പ് കാരണം അപകടകരമായ വിചിത്ര സ്വഭാവം കാട്ടിയ യുവാവിനെ പരിശോധനകൾക്ക് വിധേയമാകാതെ സമൂഹത്തിലേക്ക് പോകാൻ അനുവദിച്ചത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന പരാതി ഉയരുകയാണ്.

