Monday, May 20, 2024
spot_img

പോളണ്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ ഡോക്യുമെന്‍ററിയായി ‘അതിരുകളില്ലാത്തൊരാള്‍’

വാഴ്സോ: പോളണ്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ ഡോക്യുമെന്ററിയായി അരുണ്‍ എന്‍ ശിവന്‍ സംവിധാനം ചെയ്ത ‘അതിരുകളില്ലാത്തൊരാള്‍’. ഇന്ത്യയില്‍ നിന്നും ഈ വര്‍ഷം തിരഞ്ഞെടുത്ത ഏക ചിത്രമാണിത്. റിലീജിയന്‍ ടുഡേ ഫിലിം ഫെസ്റ്റിവല്‍ മത്സര വിഭാഗത്തിലും ലിഫ്റ്റോഫ് യുകെ ഫെസ്റ്റിവലിലും ഡോക്യുമെന്ററി തിരഞ്ഞെടുത്തിട്ടുണ്ട്

മനുഷ്യത്വത്തിന്റെ ആള്‍ രൂപമായിരുന്ന ‘സര്‍വോദയം കുര്യന്റെ’ കഥ പറയുന്ന ‘അതിരുകളില്ലാത്തൊരാള്‍’ പോളണ്ടില്‍ നടക്കുന്ന മുപ്പത്തിനാലാമത് അന്താരാഷ്ട്ര കാത്തോലിക് ഫിലിം ആന്‍ഡ് മള്‍ട്ടീമീഡിയ ഫെസ്റ്റിവലിലാണ് പ്രദര്‍ശിപ്പിച്ചത്. ഇക്കഴിഞ്ഞ 22നാണ് സമ്മാനധാനവും പ്രഖ്യാപനവും നടന്നത്. കേരളത്തില്‍ നിന്നും ഈ ഫെസ്റ്റിവലില്‍ എത്തുന്ന ഏക ഡോക്യൂമെന്ററിയാണിത്.

ഞാറയ്ക്കലിലെ സര്‍വോദയം കുര്യന്‍ സ്മാരക ട്രസ്റ്റിന്റെ സഹകരണത്തോടെയായിരുന്നു നിര്‍മാണം. ഡോക്യുമെന്ററിയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത് കൃഷ്ണ കുമാര്‍ കിഴിശ്ശേരിയാണ്. രജു അമ്പാടി, അഷറഫ് പാലാഴി എന്നിവര്‍ കാമറ ചലിപ്പിച്ച ഡോക്യൂമെന്ററിയുടെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് മനു ബാലകൃഷ്ണനാണ്. അന്‍വര്‍ തവനൂരാണ് നറേഷന്‍. ബിജോണ്‍ സണ്ണിയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

മരണം വരെ തന്റെ ജീവിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ച വ്യക്തിത്വമാണ് സര്‍വോദയം കുര്യന്റേത്. എറണാകുളത്ത് വൈപ്പിനില്‍ ജീവിച്ചിരുന്ന സര്‍വോദയം കുര്യന്‍ അനാഥരുടെ രക്ഷകനാണ്. സര്‍വോദയം കുര്യന്റെ കൈകളില്‍ കിടന്ന് വളര്‍ന്നത് ആയിരത്തിലേറെ കുരുന്നുകളാണ്. ഓടകളിലും മറ്റും കിടന്ന് ജീവന്‍പൊലിയുമായിരുന്ന ചോരക്കുഞ്ഞുങ്ങള്‍ക്ക് കൈത്താങ്ങായിരുന്നു ആ മനുഷ്യന്‍. കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല വിഷമതകള്‍ അനുഭവിക്കുന്ന ഓരോ മനുഷ്യനും അദ്ദേഹം കൈത്താങ്ങായിരുന്നു. ഞാറക്കലിന്റെ ഗാന്ധി എന്നും സര്‍വോദയം കുര്യന്‍ അറിയപ്പെട്ടിരുന്നു

Related Articles

Latest Articles