Wednesday, January 7, 2026

കഞ്ചാവ് വിറ്റ് സമ്പാദിച്ച് പ്രതികൾ: ഒന്നരയേക്കര്‍ ഭൂമിയിലെ നടപടികൾ മരവിപ്പിച്ച് എക്‌സൈസ് വകുപ്പ്

മഞ്ചേരി: കഞ്ചാവ് വിൽപ്പനയിലൂടെ സമ്പാദിച്ച ഒന്നരയേക്കർ ഭൂമിയിലെ നടപടികൾ എക്സൈസ് വകുപ്പ് മരവിപ്പിച്ചു. എൻഡിപിഎസ് ആക്ട് 68 പ്രകാരം നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് എക്‌സൈസിന്റെ ഈ നടപടി.

2021-ൽ മഞ്ചേരിയിൽ നിന്ന് 84.5 കിലോഗ്രാം കഞ്ചാവുമായി പിടിക്കപ്പെട്ട കേസിലെ പ്രതി പരപ്പനങ്ങാടി ചെട്ടിപ്പടി ഹാജ്യരാകത്ത് അമീർ രണ്ട് ആധാരങ്ങളിലായി അട്ടപ്പാടിയിൽ വാങ്ങിയ ഒന്നര ഏക്കർ ഭൂമി സംബന്ധിച്ച നടപടികളാണ് എക്‌സൈസ് മരവിപ്പിച്ചത്.

അതേസമയം ലഹരി ഇടപാട് കേസിൽ ജില്ലയിലെ ആദ്യനടപടി കൂടിയാണിത്. അട്ടപ്പാടി കള്ളമല വില്ലേജിൽ ചെമ്മന്നൂരിലാണ് വിവാദ ഭൂമിയുള്ളത്. കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ മഞ്ചേരിയിൽ വച്ച് പത്തര കിലോഗ്രാം കഞ്ചാവ് കാറിൽ കടത്താൻ നോക്കുന്നതിനിടെ അമീർ, മുരുഗേശ്വരി (അക്ക), അഷ്‌റഫ് തുടങ്ങിയവർ അറസ്റ്റിലായിരുന്നു. ഇവരെ മഞ്ചേരി എക്സൈസ് സർക്കിൾ, മലപ്പുറം എക്സൈസ് ഇന്റലിജൻസ് ബ്യുറോ, എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്‌ക്വാഡ് എന്നിവർ ചേര്‍ന്നാണ് പിടികൂടിയത്.

ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിൽ 74 കിലോ കഞ്ചാവും 37,000 രൂപയും കണ്ടെത്തിയിരുന്നു. കഞ്ചാവ് കച്ചവടത്തിലൂടെ പ്രതികൾ സമ്പാദിച്ച സ്വത്തു വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ഈ സ്വത്തുക്കളാണ് എക്‌സൈസ് മരവിപ്പിച്ചത്.

Related Articles

Latest Articles