കണ്ണൂര്‍: കണ്ണൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ. തളിപ്പറമ്പ് പ്രത്യേക പോക്സോ കോടതിയാണ് സി എച്ച് അഭിലാഷിനെ ജീവപര്യന്തം ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി ആറ് വർഷം തടവ് കൂടി വിധിച്ചു. പ്രതി ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയൊടുക്കുകയും വേണം.
2015 ആഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ദേവാലയത്തിൽ ഒരു ക്ലാസിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു പീഡനം. ദേവാലയത്തിലെ ഗായക സംഘാംഗമായ കാവുങ്കല്‍ ചെല്ലരിയന്‍ ഹൌസില്‍ സി എച്ച് അഭിലാഷ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തി. ഒമ്പതാം ക്ലാസുകാരിയായ പെണ്‍കുട്ടി ദേവാലയത്തില്‍ വേദപഠന ക്ലാസിന് എത്തിയപ്പോഴാണ് പീഡനം നടന്നത്. പെണ്‍കുട്ടിയെ പ്രതി ദേവാലയത്തിലെ പാട്ട് പരിശീലിക്കുന്ന ഹാളിനകത്തുവച്ച് ബലാത്സംഗം ചെയ്തു.
പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പോക്സോ വകുപ്പ് പ്രകാരം തളിമ്പറമ്പ് പൊലീസ് കേസെടുത്തു. 2016 ഫെബ്രുവരി 27ന് അഭിലാഷ് പിടിയിലായി. ബലാൽസംഘം നടന്ന് ഏഴ് വർഷത്തിന് ശേഷമാണ് പ്രതിക്ക് ശിക്ഷ ലഭിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറി മോള്‍ കോടതിയില്‍ ഹാജരായി.

