Monday, May 20, 2024
spot_img

സ്റ്റേഷൻ മാറിയിറങ്ങി; വീട്ടിലെത്താൻ 300 കിലോമീറ്റർ നടന്ന് പത്തനംത്തിട്ടക്കാരൻ !!

പത്തനംത്തിട്ട : തിരുപ്പതിയില്‍നിന്നുള്ള യാത്രയ്ക്കിടെ കാണാതായ പത്തനംതിട്ട സ്വദേശി നടന്ന് നാട്ടിലെത്തി. ഡിണ്ടിഗലില്‍ നിര്‍ത്തിയപ്പോള്‍ സ്റ്റേഷനില്‍ ഇറങ്ങിയ അനില്‍ തിരികെ ട്രെയിനിൽ കയറുന്നതിന് മുൻപ് ട്രെയിന്‍ വിട്ടുപോവുകയായിരുന്നു. പത്തനംതിട്ട മാത്തൂർ സ്വദേശി അനിലിനെ കഴിഞ്ഞ ഒക്ടോബർ മൂന്നിനാണു കാണാതായത്.

ആന്ധ്രപ്രദേശിൽ സഹോദരിയുടെ മകളെ നഴ്സിങ്ങിനു ചേർത്ത് കുടുംബത്തോടൊപ്പം തിരികെ വരുമ്പോഴായിരുന്നു സംഭവം. ഡിണ്ടിഗലിൽ സ്റ്റേഷനിൽ ഇറങ്ങിയശേഷം തിരിച്ചു കയറാൻ കഴിഞ്ഞില്ലെന്ന് അനിൽ പറയുന്നു. ചെങ്ങന്നൂരിൽ എത്തിയശേഷമാണ് അനിൽ കൂടെയില്ലെന്നു കുടുംബം അറിഞ്ഞത്. തുടർന്ന് ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അനിൽ മൊബൈൽ ഫോൺ ഉപയോഗിക്കില്ല, ആരുടെ നമ്പരും കാണാതെ അറിയില്ല.

ഒരു പൊലീസുകാരൻ 200 രൂപ നൽകി. കുറച്ചു ദൂരം സഞ്ചരിക്കാൻ വാഹനവും ഏർപ്പാടു ചെയ്തു. പിന്നെ ആരോടും പണം ചോദിക്കാൻ തോന്നിയില്ല. അടയാള ബോർഡുകൾ നോക്കി നടന്നു തുടങ്ങി. ഇടയ്ക്ക് 40 കിലോമീറ്ററോളം വഴി തെറ്റി. 300 കിലോമീറ്ററോളം നടന്നു. പട്ടിണിയാണെങ്കിലും എങ്ങനെയും വീട്ടിലെത്തണമെന്ന ചിന്തയാണ് അനിലിനെ നയിച്ചത്. ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തിയാണു ഭക്ഷണം കഴിച്ചത്. നടന്ന് ആറന്മുളയെത്തിയപ്പോൾ കണ്ട അയൽക്കാരൻ ഇലവുംതിട്ട സ്റ്റേഷനിൽ എത്തിച്ചു . അനിലിനെ പിന്നീട് ബന്ധുക്കൾക്കൊപ്പം വിട്ടു.

Related Articles

Latest Articles