Friday, November 13, 2026

50 ചോദ്യങ്ങളിൽ ഉത്തരം നൽകാനായത് 10 എണ്ണത്തിൽ താഴെ മാത്രം !! ജിഎസ്ടി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി ആന്റോ അഗസ്റ്റിൻ ! 126 കോടി അടച്ചതിന്റെ രേഖയുണ്ടെന്ന് വാദം ; ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ മറുപടിയില്ല ! മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

കാഞ്ഞങ്ങാട് : അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെയും സംഘത്തെയും കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് വൻതുക കൈമാറിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ജിഎസ്ടി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി ആന്റോ അഗസ്റ്റിൻ. ജിഎസ്ടി ഉദ്യോഗസ്ഥര്‍ നിരത്തിയ അമ്പതോളം ചോദ്യങ്ങളില്‍ പത്തില്‍ താഴെ എണ്ണത്തിനു മാത്രമാണ് അഗസ്റ്റിന് ഉത്തരം നൽകാനായത് എന്നാണ് ലഭിക്കുന്ന വിവരം.

ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി പത്തു ദിവസത്തിലേറെ പിന്നിട്ടിട്ടും, ഹാജരാക്കാമെന്ന് സമ്മതിച്ച ഒരു രേഖ പോലും ജിഎസ്ടി. ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. വിദേശ അക്കൗണ്ടിൽ 126 കോടി രൂപ അടച്ചതിന്റെ രേഖകളുണ്ടോയെന്നായിരുന്നു ജി.എസ്.ടി. ഉദ്യോഗസ്ഥരുടെ ചോദ്യം. എല്ലാത്തിനും കൃത്യമായ രേഖകളുണ്ടെന്ന് ആന്റോയുടെ മറുപടി. എങ്കിൽ കാണിക്കൂ എന്നായി ഉദ്യോഗസ്ഥർ. അതൊന്നും കൊണ്ടുവന്നിട്ടില്ലെന്നായിരുന്നു മറുപടി. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ടെന്ന വാദത്തില്‍ മാത്രമാണ് നിലവിൽ ആന്റോ അഗസ്റ്റിൻ ഉറച്ചുനില്‍ക്കുന്നത്.

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) കരാറിലെത്തിയിട്ടുണ്ടെന്നും അന്നത്തെ സംസ്ഥാന സർക്കാരിന്റെയും കായിക മന്ത്രാലയത്തിന്റെയും പിന്തുണയോടെയാണ് പദ്ധതി നീങ്ങിയതെന്നുമാണ് ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായി ആന്റോ അഗസ്റ്റിൻ ആവർത്തിക്കുന്നത്. എന്നാൽ തുക വിദേശത്തേക്ക് കൈമാറിയ സാഹചര്യത്തിൽ അതിനുള്ള ജി.എസ്.ടി അടക്കമുള്ള നികുതി ബാധ്യതകളെക്കുറിച്ച് ഉദ്യോഗസ്ഥർ കർശന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പരിപാടി പിന്നീട് നടക്കാതെ പോയതുകൊണ്ട് നികുതി ഒഴിവാകില്ലെന്നും, നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കപ്പെടണമെന്നുമാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ നിലപാട്.

Related Articles

Latest Articles