മംഗളൂരു: മംഗളൂരുവിലെ സ്‌ഫോടനക്കേസിൽ കൊച്ചിയിൽ നിന്ന് നിർണായക തെളിവുകൾ ശേഖരിച്ച് കർണാടക പോലീസ്. സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരൻ മുഹമ്മദ് ഷാരിഖ് ആലുവയിൽ ബന്ധപ്പെട്ടവരെക്കുറിച്ചും സൂചനകൾ ലഭിച്ചു. ഷാരിഖ് ആലുവയിൽ തങ്ങിയ ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
മംഗളൂരു സ്‌ഫോടന ഗൂഢാലോചന നടന്നത് കേരളത്തിലും, തമിഴ്‌നാട്ടിലുമാണെന്ന വിവരത്തെ തുടർന്നാണ് കർണാടക പോലീസ് അന്വേഷണത്തിനായി കേരളത്തിലുമെത്തിയത്. ഇവിടെ ക്യാമ്പ് ചെയ്തുള്ള അന്വേഷണമാണ് കർണാടക പോലീസ് നടത്തുന്നത്. ലോക്കൽ പോലീസിനെ ഒഴിവാക്കി എൻഐഎയുടെ കൂടി സഹകരണത്തോടെ അന്വേഷണം മുന്നോട്ട് പോകുമ്പോൾ കൊച്ചിയിൽ നിന്നും നിർണായകമായ നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ട്.
മുഖ്യ പ്രതി മുഹമ്മദ് ഷാരിഖ് സെപ്റ്റംബർ 13 മുതൽ 18 വരെ ആലുവയിലെ ലോഡ്ജിൽ തങ്ങിയിരുന്നു. ഇവിടെ വച്ച് ഇയാൾ ബന്ധപ്പെട്ടിരുന്നവരുടെ വിവരങ്ങളാണ് കർണാടക പോലീസിന് ലഭിച്ചത്. സ്‌ഫോടന ഗൂഢാലോചനയിലെ പങ്കാളികളിലേക്ക് നീങ്ങുന്ന അന്വേഷണമാണ് പുരോഗമിക്കുന്നത്. എന്നാൽ ലോഡ്ജിൽ നിന്നും സെപ്റ്റംബർ മാസത്തിലെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. രണ്ടാഴ്ച വരെയുള്ള ദൃശ്യങ്ങളാണ് സൂക്ഷിക്കാൻ കഴിയുന്നതെന്ന് ലോഡ്ജ് അധികൃതർ അറിയിച്ചതിനെ തുടർന്ന് ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

