ടെഹ്റാൻ : ഇറാന്റെ ആണവകേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ മിന്നൽ ബോംബാക്രമണത്തിന് പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക്. ക്രെംലിൻ കൊട്ടാരത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി നാളെ തന്നെ കൂടിക്കാഴ്ച നടത്താനാണ് അബ്ബാസ് അരാഗ്ചിയുടെ ശ്രമം. ഇസ്താംബൂളിൽ നടക്കുന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഒഐസി) ഉച്ചകോടിക്കിടെയായിരുന്നു അരാഗ്ചിയുടെ വെളിപ്പെടുത്തൽ.
അതിനിടെ, ഒട്ടേറെ രാജ്യങ്ങൾ ഇറാന് ആണവായുധം നൽകാൻ തയ്യാറാണെന്നും അമേരിക്കയുടെ ആക്രമണത്തിൽ ഇറാന്റെ ആണവനിലയങ്ങൾക്ക് കാര്യമായ കേടുപാടുകളൊന്നും പറ്റിയിട്ടില്ലെന്നും റഷ്യൻ മുൻ പ്രസിഡന്റും റഷ്യൻ സുരക്ഷാ കൗൺസിൽ ചെയർമാനും കൂടിയായ ദിമിത്രി മെദ്വദേവ് പറഞ്ഞു.
” ഇറാനിൽ നടത്തിയ ആക്രമണത്തിലൂടെ അമേരിക്ക പുതിയൊരു യുദ്ധത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. സമാധാനപാലകനായെത്തിയ ട്രംപ് യുദ്ധം ആരംഭിച്ചിരിക്കുന്നു. ഈ യുദ്ധവിജയത്തിലൂടെ ട്രംപിന് സമാധാനത്തിനുള്ള നോബേൽ ലഭിക്കില്ല. നിരവധി രാജ്യങ്ങൾ ഇറാന് ആണവ പോർമുനകൾ നേരിട്ട് നൽകാൻ തയ്യാറാണ്”- ദിമിത്രി മെദ്വദേവ് പറഞ്ഞു.

