Friday, May 17, 2024
spot_img

മരട് ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള തിയതികള്‍ ചീഫ് സെക്രട്ടറി പ്രഖ്യാപിച്ചു

കൊച്ചി: മരട് ഫ്ളാറ്റുകള്‍ ജനുവരിയില്‍ പൊളിക്കാന്‍ തീരുമാനമായി. ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്. നിയന്ത്രിത സ്ഫോടനത്തിലൂടെ ജനുവരി 11നും 12നുമാണ് ഫ്ളാറ്റുകള്‍ പൊളിക്കുക. ഹോളിഫെയ്ത്ത് എച്ടുഒ ഫ്ളാറ്റാണ് ആദ്യം പൊളിക്കുക.

അതേസമയം, ഗോള്‍ഡണ്‍ കായലോരം ഫ്ളാറ്റ് നിര്‍മാണ കേസില്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫിനെ പ്രതിചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മറ്റ് മൂന്നു ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത അഷ്റഫിനെ മൂവാറ്റുപുഴ സബ് ജയിലിലെത്തിയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് ഗോള്‍ഡണ്‍ കായലോരം ഫ്ളാറ്റ് നിര്‍മിച്ചെന്ന പരാതിയില്‍ വിജിലന്‍സാണ് കേസ് അന്വേഷിക്കുന്നത്. മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ് ഫ്ളാറ്റ് നിര്‍മിക്കാന്‍ നിയമം ലംഘിച്ച് അനുമതി നല്‍കിയെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഷ്റഫിനെ കേസില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ വിജിലന്‍സിന്റെ ആദ്യ നടപടിയാണിത്. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന അഷ്റഫിനെ കഴിഞ്ഞ ദിവസം മൂവാറ്റുപുഴ സബ് ജയിലിലെത്തിയാണ് വിജിലന്‍സ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഹോളി ഫെയ്ത്ത്, ആല്‍ഫ, ജെയിന്‍ എന്നീ ഫ്ളാറ്റുകള്‍ നിര്‍മിക്കാന്‍ ചട്ടം ലംഘിച്ച് അനുമതി നല്‍കിയെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അഷ്റഫ് ഉള്‍പ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Latest Articles