ദില്ലി : 2012-ൽ കേരളതീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവെച്ചുകൊന്ന ‘എൻ റിക്ക ലെക്സി’ കേസിൽ സുപ്രീംകോടതിയിൽ കെട്ടിവെച്ച മൂന്നുകോടി രൂപ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കപ്പലുടമകൾ കോടതിയെ സമീപിച്ചു. കപ്പലുടമകൾ സമർപ്പിച്ച ഹർജി പരിഗണിച്ച്, കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളിലൊരാളുടെ ഭാര്യയ്ക്ക് സുപ്രീംകോടതി തിങ്കളാഴ്ച നോട്ടീസ് അയച്ചു. നേരത്തെയുള്ള കോടതി ഉത്തരവിൽ ഭേദഗതി വരുത്തി തുക മടക്കിനൽകണമെന്നാണ് ഉടമകളുടെ ആവശ്യം.
2012 മേയ് രണ്ടിന് സുപ്രീംകോടതിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് കപ്പലുടമകൾ ഈ തുക കേരളാ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് മുൻപാകെ കെട്ടിവെച്ചത്. കോടതിയോ അന്വേഷണ ഉദ്യോഗസ്ഥരോ ആവശ്യപ്പെടുമ്പോൾ കപ്പലും അതിലെ ആറ് ജീവനക്കാരും ഹാജരാകുമെന്ന് ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. ഈ വ്യവസ്ഥയിൽ മാറ്റം വരുത്താനാണ് ഇപ്പോൾ കപ്പലുടമകൾ ശ്രമിക്കുന്നത്.
2012 ഫെബ്രുവരി 15-നാണ് എൻ റിക്ക ലെക്സി എന്ന കപ്പലിൽ ഉണ്ടായിരുന്ന ഇറ്റാലിയൻ നാവികർ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നത്. ദീർഘകാലം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ ഇന്ത്യയിലെ കേസ് അവസാനിപ്പിച്ച സുപ്രീംകോടതി, നാവികർക്കെതിരായ വിചാരണ അവരുടെ സ്വന്തം രാജ്യത്ത് നടത്താൻ അനുവാദം നൽകുകയായിരുന്നു. പിന്നീട് തെളിവുകൾ ലഭ്യമല്ലെന്നു ചൂണ്ടിക്കാട്ടി ഇറ്റാലിയൻ കോടതി ഇവരെ വെറുതെവിട്ടു.
ഇന്ത്യയിലെ ഒത്തുതീർപ്പ് വ്യവസ്ഥ പ്രകാരം ഇറ്റലി സർക്കാർ പത്തുകോടി രൂപ കെട്ടിവെച്ചിരുന്നു. ഇതിൽനിന്ന് കൊല്ലപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നാലുകോടി രൂപ വീതവും, ബോട്ട് ഉടമയ്ക്ക് രണ്ട് കോടി രൂപയുമാണ് ലഭിച്ചത്. ബോട്ട് ഉടമയ്ക്ക് ലഭിച്ച ഈ തുകയിൽ നിന്ന്, സംഭവത്തിൽ പരിക്കേറ്റ ഏഴ് മത്സ്യത്തൊഴിലാളികൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകണമെന്നും സുപ്രീംകോടതി അന്ന് ഉത്തരവിട്ടിരുന്നു.

