തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണ ടി., സിഎംആർഎൽ പ്രതിനിധികൾ എന്നിവർ നൽകിയ മൊഴികളിൽ വൻ വൈരുദ്ധ്യമുള്ളതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിലയിരുത്തൽ. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി സിഎംആർഎല്ലിന് യഥാർത്ഥത്തിൽ എന്ത് സേവനമാണ് നൽകിയത് എന്നതുമായി ബന്ധപ്പെട്ടാണ് ഇരുപക്ഷത്തിന്റെയും മൊഴികളിൽ വിയോജിപ്പുകളുള്ളത്. ഈ സാഹചര്യത്തിൽ വീണയുടെയും സിഎംആർഎൽ ഉടമകളുടെയും മൊഴിപ്പകർപ്പുകൾ വിശദമായി പരിശോധിക്കാനാണ് ഇഡിയുടെ തീരുമാനം. വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് സൂചന.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശരൺ എസ്.
കർത്തയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തിരുന്നു. വീണ ടിയെ രണ്ട് തവണ ചോദ്യം ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു ശരൺ കർത്തയെ ഇഡി വീണ്ടും വിളിപ്പിച്ചത്.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) സമർപ്പിക്കുന്ന കുറ്റപത്രത്തിന്മേലുള്ള അന്തിമ തീരുമാനം വരാനിരിക്കുന്നതേയുള്ളൂ എന്നതിനാൽ അതീവ ജാഗ്രതയോടെയാണ് ഇഡി നിലവിൽ നീങ്ങുന്നത്.
എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിചാരണ നടപടികളിൽ ഡൽഹി, കേരള ഹൈക്കോടതികളിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള തിരിച്ചടികൾ ഉണ്ടായാൽ അത് കേസിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന ആശങ്ക ഇഡിക്കുണ്ട്. അതുകൊണ്ടുതന്നെ യാതൊരുവിധ നിയമപരമായ പിഴവുകളും ഇല്ലാത്ത രീതിയിൽ കുറ്റമറ്റ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര ഏജൻസിയുടെ തീരുമാനം. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾക്കും തുടർനടപടികൾക്കും മാസപ്പടി കേസ് സാക്ഷ്യം വഹിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

