ദില്ലി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ തുടർനടപടികൾ തടയണമെന്ന സിഎംആർഎൽ ഹര്‍ജിയിൽ എസ്എഫ്ഐഒയ്ക്കും കേന്ദ്ര കമ്പനികാര്യമന്ത്രാലയത്തിനും കോടതി നോട്ടീസയച്ചു. നാളെ തന്നെ മറുപടി നല്‍കാനാണ് നിര്‍ദേശം. ഹർജിയിൽ മറ്റന്നാള്‍ വാദം കേള്‍ക്കും. അന്വേഷണത്തിനെതിരെ സിഎംആർഎൽ നല്കിയ പ്രധാന ഹര്‍ജിയിലും മറ്റന്നാള്‍ വാദം കേള്‍ക്കും.
പ്രധാന ഹര്‍ജി തീര്‍പ്പാക്കും വരെ കേസില്‍ തുടര്‍നടപടികളുണ്ടാകില്ലെന്ന് ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് നേരത്തെ വാക്കാല്‍ പറഞ്ഞിരുന്നുവെന്നും അത് ലംഘിക്കപ്പെട്ടെന്നും സിഎംആർഎൽ വാദിച്ചെങ്കിലും ഈ വാദം കോടതി അംഗീകരിച്ചില്ല.
കേസില്‍ കൊച്ചിയിലെ കോടതിയില്‍ തുടർനടപടികൾ തുടങ്ങാനിരിക്കെയാണ് സിഎംആർഎൽ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

