കോഴിക്കോട്: പന്തീരങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം എക്സൈസ് ഇന്റലിജൻസും രഹസ്യവിഭാഗവും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. വിപണിയിൽ ഏകദേശം മൂന്ന് കോടി രൂപ വിലമതിക്കുന്ന രണ്ട് കിലോ എം.ഡി.എം.എ.യാണ് (MDMA) എക്സൈസ് സംഘം പിടിച്ചെടുത്തത്.
ലഹരിക്കടത്തുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി കച്ചേരിക്കൽ സ്വദേശി ഷഹീഖ് പി.കെ. (35), അടിവാരം സ്വദേശിനി ഫാത്തിമ സസ്റിൻ എന്നിവരെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെത്തുടർന്ന് പന്തീരങ്കാവ് ടോൾ പ്ലാസ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്.
പ്രതികൾ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി നടത്തിയ വിശദമായ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. എൻജിൻ ഭാഗത്തുള്ള ബോണറ്റിനുള്ളിൽ അതീവ രഹസ്യമായാണ് രണ്ട് കിലോയോളം വരുന്ന എം.ഡി.എം.എ. പാക്കറ്റുകൾ സൂക്ഷിച്ചിരുന്നത്. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനവും എക്സൈസ് കസ്റ്റഡിയിലെടുത്തു.
ഇത്രയും വലിയ തുകയുടെ മയക്കുമരുന്ന് എവിടെനിന്ന് എത്തിച്ചു എന്നതിനെക്കുറിച്ച് എക്സൈസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയയുമായി പ്രതികൾക്ക് ബന്ധമുണ്ടോ എന്നും, നഗരത്തിലെ ഏത് ലഹരി സംഘത്തിനാണ് ഇത് കൈമാറാൻ കൊണ്ടുവന്നതെന്നും കണ്ടെത്തേണ്ടതുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

