Thursday, October 22, 2026

കളിക്കിടയിലെ കൗതുകം വിനയായി; സ്റ്റീൽ കലത്തിൽ കുടുങ്ങിയ നാല് വയസുകാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

മലപ്പുറം: വീടിനുള്ളിൽ കളിക്കുന്നതിനിടെ കൗതുകത്തിന് സ്റ്റീൽ കലത്തിൽ കയറിയ നാല് വയസുകാരൻ കുടുങ്ങിപ്പോയത് നാട്ടുകാരിലും വീട്ടുകാരിലും ആശങ്ക പരത്തി. ഒടുവിൽ അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടലിലൂടെ കുട്ടി സുരക്ഷിതനായി പുറത്തെത്തി. മലപ്പുറം മൂർക്കനാട് സാംസ്‌കാരിക കേന്ദ്രത്തിന് സമീപം താമസിക്കുന്ന അമ്പായത്തിങ്ങൽ സാദിഖിന്റെ മകനാണ് അപകടത്തിൽപ്പെട്ടത്.

വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടി കൗതുകത്തിന് സ്റ്റീൽ കലത്തിൽ കയറാൻ ശ്രമിച്ചത്. എന്നാൽ പെട്ടെന്ന് തന്നെ കാലുകൾ കലത്തിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് കുട്ടിയെ പുറത്തെടുക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെയാണ് തിരുവാലി ഫയർഫോഴ്‌സിനെ വിവരം അറിയിച്ചത്.

വിവരമറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. കുട്ടിയുടെ ശരീരത്തിൽ ഒരു പോറൽ പോലും ഏൽക്കാതെ കലം മുറിച്ചുമാറ്റുക എന്നതായിരുന്നു ഉദ്യോഗസ്ഥർക്ക് മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതീവ ജാഗ്രതയോടെയും കൃത്യമായ പ്ലാനിംഗോടെയും ഫയർഫോഴ്സ് സംഘം കലം മുറിച്ചുമാറ്റി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ കുട്ടി സുരക്ഷിതനായി പുറത്തെത്തിയതോടെ കുടുംബാംഗങ്ങളും നാട്ടുകാരും ആശ്വാസത്തിലായി. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്ക് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.

Related Articles

Latest Articles