Wednesday, October 14, 2026

അമേരിക്കൻ ടെക് ഭീമന്മാരുടെ വൻ നിക്ഷേപം; ഇന്ത്യ ആഗോള എഐ ഹബ്ബിലേക്ക്

​തിരുവനന്തപുരം: ഡിജിറ്റൽ രംഗത്ത് പുതിയ ചരിത്രമെഴുതി ഇന്ത്യ. നിർമ്മിത ബുദ്ധിയുടെയും (എഐ) ക്ലൗഡ് സേവനങ്ങളുടെയും ആഗോള കേന്ദ്രമായി രാജ്യം അതിവേഗം വളരുകയാണ്. അമേരിക്കൻ ഭരണകൂടം ഇറക്കുമതി തീരുവ കൂട്ടിയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും പ്രതിരോധിക്കാൻ നോക്കുമ്പോഴും, ഇവിടുത്തെ വിപണി സാധ്യതകൾ കൈവിടാൻ ഒരുക്കമല്ലെന്ന് പ്രഖ്യാപിക്കുകയാണ് ആഗോള വമ്പന്മാർ.

ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, മെറ്റ തുടങ്ങിയ കമ്പനികളെല്ലാം കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് ഇന്ത്യയിൽ ഒഴുക്കുന്നത്.
​ഹൈദരാബാദിൽ മൈക്രോസോഫ്റ്റിന്റെ കരുത്ത്
​ഇന്ത്യൻ വിപണിയിൽ ആധിപത്യം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മൈക്രോസോഫ്റ്റ് രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ സെന്റർ ഹൈദരാബാദിൽ തുറന്നു. ‘ഇന്ത്യ സൗത്ത് സെൻട്രൽ’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഹൈപ്പർസ്കേൽ കേന്ദ്രത്തിന്റെ ആദ്യകാല ഉപഭോക്താക്കൾ അദാനി ഗ്രൂപ്പും എച്ച്ഡിഎഫ്‌സി ബാങ്കുമാണ്. പൂനെ, ചെന്നൈ, മുംബൈ എന്നിവയ്ക്ക് പുറമെ ഹൈദരാബാദിൽ കൂടി കേന്ദ്രം വന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവന ദാതാക്കളെന്ന സ്ഥാനം മൈക്രോസോഫ്റ്റ് കൂടുതൽ ശക്തമാക്കി.
​മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നിർമ്മിത ബുദ്ധി, ക്ലൗഡ് മേഖലകളിൽ 1,750 കോടി ഡോളറിന്റെ (ഏകദേശം 1.5 ലക്ഷം കോടി രൂപ) വൻ നിക്ഷേപം പ്രഖ്യാപിക്കപ്പെട്ടത്. 2029-ഓടെ പൂർത്തിയാകുന്ന ഈ പദ്ധതി ഏഷ്യയിലെ കമ്പനിയുടെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ്.
​
​മറുവശത്ത്, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ചരിത്രപരമായ നീക്കവുമായി ഗൂഗിൾ രംഗത്തുണ്ട്. അമേരിക്കയ്ക്ക് പുറത്തുള്ള ഗൂഗിളിന്റെ ഏറ്റവും വലിയ എഐ ഡേറ്റ സെന്റർ കാമ്പസാണ് ഇവിടെ ഒരുങ്ങുന്നത്. ഇതിനായി 1,500 കോടി ഡോളറാണ് (ഏകദേശം 1.3 ലക്ഷം കോടി രൂപ) കമ്പനി നിക്ഷേപിക്കുന്നത്. 2030-ഓടെ ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എങ്കിലും, വൻകിട ഡാറ്റാ സെന്ററുകൾക്കായുള്ള ജലഉപയോഗം ചൂണ്ടിക്കാട്ടി പ്രദേശത്ത് ചില പ്രാദേശിക പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.
​മത്സരം കടുപ്പിച്ച് ആമസോണും മെറ്റയും
​ഇ-കൊമേഴ്‌സ് ഭീമനായ ആമസോണും ഇന്ത്യയിലെ നിക്ഷേപം വൻതോതിൽ വർദ്ധിപ്പിച്ചു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ക്ലൗഡ്, വെബ് സർവീസ്, നിർമ്മിത ബുദ്ധി, ലോജിസ്റ്റിക്സ് രംഗങ്ങളിലായി 3,500 കോടി ഡോളറിന്റെ (3.1 ലക്ഷം കോടി രൂപ) നിക്ഷേപമാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. തെലങ്കാനയിലെയും മഹാരാഷ്ട്രയിലെയും എഐ ശേഷി കൂട്ടാനാണ് ഈ തുക വിനിയോഗിക്കുന്നത്.
​സോഷ്യൽ മീഡിയ രംഗത്തെ അതികായരായ മെറ്റയാകട്ടെ, റിലയൻസുമായി കൈകോർത്ത് ഇന്ത്യയിൽ വേരുറപ്പിക്കുകയാണ്. സംയുക്ത കമ്പനിക്ക് കീഴിൽ 10 കോടി ഡോളർ നിക്ഷേപമാണ് മെറ്റ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമെ സിഫി ടെക്‌നോളജീസുമായി ചേർന്ന് വിശാഖപട്ടണത്ത് 500 മെഗാവാട്ട് ഡേറ്റാ സെന്ററിനും മെറ്റ പദ്ധതിയിടുന്നുണ്ട്.

Related Articles

Latest Articles