Wednesday, October 28, 2026

എഫ്.സി.ആര്‍.എ ഭേദഗതി: ക്രൈസ്തവ സംഘടനകളുടെ ആശങ്കയകറ്റി കേന്ദ്രസര്‍ക്കാര്‍; നിയമം മതനിരപേക്ഷമെന്ന് അമിത് ഷാ

​ദില്ലി : വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആര്‍.എ) ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ക്രൈസ്തവ സംഘടനകള്‍ ഉന്നയിച്ച ആശങ്കകളില്‍ വ്യക്തത വരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണം പൂര്‍ണ്ണമായും മതനിരപേക്ഷമാണെന്നും, ക്രൈസ്തവ സമൂഹത്തെയോ മറ്റേതെങ്കിലും മതവിഭാഗങ്ങളെയോ ഉപദ്രവിക്കാന്‍ സര്‍ക്കാരിന് യാതൊരു ഉദ്ദേശവുമില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി.

​വ്യാഴാഴ്ച പാര്‍ലമെന്റ് മന്ദിരത്തില്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെടെയുള്ള വിവിധ ക്രൈസ്തവ സഭകളുടെയും ന്യൂനപക്ഷ സംഘടനകളുടെയും പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വരാനിരിക്കുന്ന ആഴ്ചയില്‍ ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്കെടുക്കുമെന്നും, ബില്‍ പാസാക്കുന്നതിനായി താന്‍ തന്നെ നേരിട്ട് സഭയിലെത്തുമെന്നും അമിത് ഷാ സംഘത്തെ അറിയിച്ചു.
​മണ്‍സൂണ്‍ സമ്മേളനം അവസാനിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ, ഓഗസ്റ്റ് 12-ന് ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് എടുത്തേക്കുമെന്നും, നിയമത്തിലെ വ്യവസ്ഥകള്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കില്ലെന്ന് ഉറപ്പു ലഭിച്ചതായും കൂടിക്കാഴ്ചയില്‍ പങ്കെടുത്ത മിസോറാം മുഖ്യമന്ത്രി ലാല്‍ദുഹോമ വ്യക്തമാക്കി.

ഡി.എം.കെ നേതാവും രാജ്യസഭാ എം.പിയുമായ പി.വില്‍സണിന്റെ നേതൃത്വത്തില്‍ എത്തിയ ‘ജോയിന്റ് ആക്ഷന്‍ ഫോറം ഓണ്‍ മൈനോറിറ്റീസ്’ പ്രതിനിധി സംഘമാണ് മന്ത്രിയെ കണ്ടത്.
​കത്തോലിക്ക, പ്രൊട്ടസ്റ്റന്റ്, ഓര്‍ത്തഡോക്‌സ് തുടങ്ങി എല്ലാ സഭകളുടെയും പ്രതിനിധികള്‍ അടങ്ങിയ സംഘമാണ് അമിത് ഷായുമായി ചര്‍ച്ച നടത്തിയത്. ദില്ലി രൂപത ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ, മലങ്കര മാര്‍ത്തോമാ സിറിയന്‍ ചര്‍ച്ചിലെ സകറിയാസ് മാര്‍ അപ്രേം എപ്പിസ്‌കോപ്പ, സി.ബി.സി.ഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മാത്യു കോയിക്കല്‍, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് തുടങ്ങി പ്രമുഖ സഭാ നേതാക്കള്‍ സംഘത്തിലുണ്ടായിരുന്നു.
​വിദേശ സംഭാവന ലഭിക്കുന്ന എന്‍.ജി.ഒകളുടെയോ സ്ഥാപനങ്ങളുടെയോ രജിസ്ട്രേഷന്‍ റദ്ദാക്കുകയോ സസ്പെന്‍ഡ് ചെയ്യുമ്പോള്‍, ആ ഫണ്ട് ഉപയോഗിച്ച് ഉണ്ടാക്കിയ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ ‘ഡെസിഗ്‌നേറ്റഡ് അതോറിറ്റി’യെ നിയമിക്കുമെന്ന വ്യവസ്ഥയിലാണ് ക്രൈസ്തവ സംഘടനകള്‍ പ്രധാനമായും ആശങ്ക അറിയിച്ചത്.

ഈ അതോറിറ്റിക്ക് സിവില്‍ കോടതിയുടെ അധികാരമുണ്ടാകുമെന്നും സ്വത്തുക്കള്‍ സര്‍ക്കാരിലേക്കോ മറ്റ് സ്ഥാപനങ്ങളിലേക്കോ കൈമാറാന്‍ ഉത്തരവിടാനാകുമെന്നും ബില്ലില്‍ പറയുന്നു. ജുഡീഷ്യല്‍ മേല്‍നോട്ടമില്ലാതെ ഇത്തരം സ്വത്തുക്കള്‍ സര്‍ക്കാരിന് എങ്ങനെ കണ്ടുകെട്ടാനാകുമെന്ന ചോദ്യം പ്രതിനിധികള്‍ കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു. ബില്ലിലെ ഏറ്റവും കടുപ്പമേറിയ മൂന്നാം അധ്യായം പിന്‍വലിക്കുകയും 15-ാം വകുപ്പ് നീക്കം ചെയ്യുകയും വേണമെന്ന് സംഘം ആവശ്യപ്പെട്ടു. ബില്‍ ഉടനടി പാസാക്കാതെ പുനഃപരിശോധനയ്ക്കായി സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെ.പി.സി) വിടണമെന്നും അഭ്യര്‍ത്ഥിച്ചു.
​എഫ്.സി.ആര്‍.എ ലൈസന്‍സ് പുതുക്കിക്കിട്ടാതിരിക്കുക, റദ്ദാക്കിയ ലൈസന്‍സ് പുനഃസ്ഥാപിക്കാതിരിക്കുക തുടങ്ങിയ കാരണങ്ങളാല്‍ സ്ഥാപനങ്ങളുടെ ആസ്തികള്‍ പൂര്‍ണ്ണമായോ ഭാഗികമായോ കേന്ദ്ര സര്‍ക്കാരിന് ഏറ്റെടുക്കാന്‍ അധികാരം നല്‍കുന്നതാണ് നിലവിലെ വ്യവസ്ഥയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരത്തില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയും ആശുപത്രികളെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും തകര്‍ക്കുമെന്നും പ്രതിനിധികള്‍ വ്യക്തമാക്കി.
​എന്നാല്‍, മുന്‍കൂര്‍ നോട്ടീസ് നല്‍കി വ്യക്തമായ അന്വേഷണം നടത്തിയ ശേഷമേ തുടര്‍നടപടികള്‍ ഉണ്ടാകൂ എന്നും, നിര്‍ദ്ദിഷ്ട ലക്ഷ്യങ്ങളില്‍ നിന്ന് മാറി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ മാത്രമേ നടപടിയുണ്ടാകൂ എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ചട്ടങ്ങള്‍ രൂപീകരിക്കുന്ന വേളയില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തുമെന്നും ആഭ്യന്തരമന്ത്രി പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. സംഘം ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ മന്ത്രിസഭയിലെ മറ്റ് സഹപ്രവര്‍ത്തകരുമായി ആലോചിച്ച ശേഷം അനുഭാവപൂര്‍വ്വം തീരുമാനമെടുക്കുമെന്നാണ് അമിത് ഷാ വ്യക്തമാക്കിയിട്ടുള്ളത്. അടുത്ത ആഴ്ച ബില്‍ സഭയില്‍ വരുമ്പോള്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഇത് വേദിയാകും.

Related Articles

Latest Articles