കൊച്ചി: കൊച്ചിയിൽ വൻ ലഹരിവേട്ട. നഗരത്തിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ യുവതിയുൾപ്പെടെയുള്ള എട്ടംഗ മയക്ക് മരുന്ന് സംഘമാണ് പിടിയിലായത്. ഇവരിൽ നിന്ന് 60 ഗ്രാം എംഡിഎംഎ (MDMA Seized In Kochi) പിടികൂടി. പ്രതികളുടെ മൂന്ന് വാഹനങ്ങളും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. കൊച്ചി മാമംഗലത്തെ ഹോട്ടലിൽ റൂമെടുത്ത് വിൽപന നടത്തുന്നതിനിടെയാണ് അറസ്റ്റിലായത്.
ഹോട്ടലിൽ വിൽപനയ്‌ക്കെത്തിയ നാലുപേരും വാങ്ങാനെത്തിയ നാലുപേരുമാണ് പിടിയിലായത്. ആലുവ സ്വദേശികളായ റിച്ചു റഹ്മാൻ, മലപ്പുറം സ്വദേശി മുഹമ്മദലി, തൃശൂർ സ്വദേശി ബിപേഷ്,കണ്ണൂർ സ്വദേശി സൽമാൻ എന്നിവർ ഇടപ്പള്ളിയിലെ ഹോട്ടലിൽ ഇന്നലെ മുതൽ താമസിച്ചുവരികയായിരുന്നു.
എക്‌സൈസും കസ്റ്റംസും സംയുക്തമായാണ് പരിശോധന നടത്തിയത്. ബെംഗളൂരുവില്‍ നിന്നാണ് ഇവര്‍ എം ഡി എം എ എത്തിച്ചതെന്നാണ് വിവരം. അതേസമയം ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ കൊല്ലത്തുനിന്ന് യുവതി അടക്കം നാല് പേർ ഇവരെ ഹോട്ടലിൽ കാണാനായി എത്തിയിരുന്നു. ഇതിനുപിന്നാലെ ലഭിച്ച രഹസ്യവിവരത്തെത്തുടന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

