Friday, May 17, 2024
spot_img

യുക്രെയ്‌ൻ-റഷ്യ പോര് മുറുകുന്നു; റഷ്യയ്ക്ക് അന്ത്യശാസനം നൽകി ജി7 രാജ്യങ്ങൾ

മോസ്‌കോ: യുക്രെയ്‌ൻ-റഷ്യ പോര് മുറുകുന്നു. യുക്രെയ്‌നെ ആക്രമിച്ചാൽ ശക്തമായ തിരിച്ചടിയെന്ന് റഷ്യയ്ക്ക് ജി7 രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത് (G7 nations warn Russia of massive economic consequences to Ukraine attack). അതോടൊപ്പം യുക്രെയ്‌നിൽ ഏത് തരത്തിലുള്ള ആക്രമണം നടത്തിയാലും റഷ്യയ്‌ക്കെതിരെ അടുത്ത നിമിഷം തന്നെ വലിയ തോതിലുള്ള സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്നും ജി7 രാജ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം യുക്രെയ്‌ന് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുമെന്നും ജി7 രാജ്യങ്ങൾ അറിയിച്ചിട്ടുണ്ട്. എന്നാൽ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തെ ഭയക്കുന്നില്ലെന്നാണ് റഷ്യയുടെ നിലപാട്. യുക്രെയ്‌ന്റെ മൂന്ന് വശത്തുമായി ഒരു ലക്ഷത്തിലേറെ സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്. ബെലാറൂസ് അതിർത്തിയിൽ സൈനികാഭ്യാസവും കരിങ്കടലിൽ നാവികാഭ്യാസവും റഷ്യ തുടരുന്നുണ്ട്. നാറ്റോയിൽ ചേരില്ലെന്ന് യുക്രെയ്ൻ പരസ്യമായി സമ്മതിച്ചാൽ റഷ്യയുടെ ആശങ്ക പരിഹരിക്കുന്നതിന് മതിയായ നടപടിയാകുമെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞിരുന്നു.

എന്നാൽ യുക്രെയ്‌ൻ-റഷ്യ സംഘർഷത്തിൽ സമവായ ശ്രമങ്ങള്‍ പ്രതിസന്ധിയിലായതിന് പിന്നാലെ ബുധനാഴ്ച റഷ്യ യുക്രെയ്‌ൻ ആക്രമിച്ചേക്കും എന്ന് യുക്രെയ്‌ൻ പ്രസിഡന്‍റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി അറിയിച്ചത്. എന്നാല്‍ ഈ വിവരം എവിടെ നിന്ന് ലഭിച്ചു, ആര് പറഞ്ഞുവെന്ന് പ്രസിഡന്‍റ് വ്യക്തമാക്കുന്നില്ലെന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഒരു അന്താരാഷ്ട്ര മാധ്യമം പറയുന്നു. ‘ഫെബ്രുവരി 16 ആക്രമണത്തിന്‍റെ ദിവസമായിരിക്കും എന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്’ യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി വ്യക്തമാക്കുന്നത് ഇത്ര മാത്രമാണ്.

അതേസമയം യുക്രെയിനെ ആക്രമിച്ചാൽ റഷ്യ വലിയ വില കൊടുക്കേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് നേരിട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. 12 രാജ്യങ്ങള്‍ യുക്രൈനിൽ നിന്ന് പൗരന്മാരെ പിൻവലിച്ചു തുടങ്ങി. യുക്രൈനിലുള്ളത് നൂറു കണക്കിന് മലയാളികൾ അടക്കം കാൽ ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. വിദേശകാര്യ മന്ത്രാലയം സ്ഥിതി നിരീക്ഷിക്കുകയാണ്.

Related Articles

Latest Articles