Saturday, January 10, 2026

സ്റ്റേ ഇല്ല; മീഡിയ വൺ സംപ്രേക്ഷണ വിലക്ക് തുടരും; ഹർജി വിധി പറയാൻ മാറ്റി വച്ച് ഡിവിഷൻ ബഞ്ച്

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് ശരിവച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ മീഡിയ വണ്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറയാന്‍ മാറ്റി വച്ച് ഡിവിഷന്‍ ബെഞ്ച്.

ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്യില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഇടക്കാല ഉത്തരവോ അന്തിമ വിധിയോ വേണോയെന്ന് ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ക്കാരോട് ചോദിച്ചു.

മാത്രമല്ല അന്തിമ വിധിയാണ് തങ്ങള്‍ ഇഷ്ടപ്പെടുന്നതെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സിംഗിള്‍ ജഡ്ജിയുടെ തീരുമാനത്തിന് ഇടക്കാല സ്റ്റേ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

അതേസമയം വിഷയം പരിഗണിച്ചപ്പോള്‍, മുദ്രവച്ച കവറില്‍ ചില രേഖകള്‍ ഹാജരാക്കാനും വിഷയത്തില്‍ കൗണ്ടര്‍ ഫയല്‍ ചെയ്യാനും ASGI അമന്‍ ലേഖി സമയം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ചാനലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ഇതിനെ എതിര്‍ക്കുകയും ഇത് അസംബന്ധമാണെന്ന് വാദിക്കുകയും ചെയ്തു. ചെറിയ ചര്‍ച്ചയ്ക്ക് ശേഷം വാദങ്ങള്‍ അവതരിപ്പിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനെ കോടതി അനുവദിച്ചു. വാദത്തിനു ശേഷമാണ് വിധി പറയാന്‍ കേസ് മാറ്റിയത്. അതുവരെ വിലക്ക് തുടരും.

അതുപോലെ തന്നെ മീഡിയ വൺ ചാനലിനെതിരായ കണ്ടെത്തലുകള്‍ അതീവ ഗുരുതരമെന്നും കേന്ദ്ര നിലപാട് ശരിയാണെന്നും ആദ്യ വിധി സമയത്ത് കോടതി വിലയിരുത്തിയിരുന്നു.

കൂടാതെ കോടതി ആവശ്യപ്പെട്ട, വിലക്കുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിന്റെ മുഴുവന്‍ ഫയലുകളും കേന്ദ്ര സര്‍ക്കാരിന്റെ അസി. സോളിസിറ്റര്‍ ജനറല്‍ എസ്. മനു കോടതിക്ക് കൈമാറിയിരുന്നു. മുദ്ര വച്ച കവറില്‍ നല്കിയത് രഹസ്യരേഖകളായതിനാല്‍ അവ മീഡിയ വണ്ണിന്റെ അഭിഭാഷകന് കൈമാറാനാവില്ലെന്ന് കോടതി വ്യക്തമാക്കി നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles