Monday, January 5, 2026

പുരുഷന്മാരില്‍ തടിയും കരുത്തും വര്‍ധിക്കും, ഈ അഞ്ച് ഭക്ഷണങ്ങള്‍ മറക്കരുത്!

ആരോഗ്യവും സൗന്ദര്യവും ഒരു പോലെ കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. ചിലര്‍ക്ക് തടി വില്ലനാകുമ്പോള്‍ ചിലര്‍ക്ക് മെലിഞ്ഞുണങ്ങുന്നതാണ് പ്രശ്‌നമാകുന്നത്. മെലിഞ്ഞുണങ്ങുന്നതിനെ കുറിച്ച് അധികവും ആശങ്ക പുരുഷന്മാരിലാണ് കണ്ടുവരുന്നത്. പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരീരപ്രകൃതം വ്യത്യാസപ്പെട്ടിരിക്കുന്നത് പോലെ അവര്‍ക്കുള്ള ഡയറ്റുകളും വ്യത്യാസപ്പെട്ടിട്ടുണ്ട്. മെലിഞ്ഞുണങ്ങിയ ശരീരമുള്ള പുരുഷന്മാര്‍ക്ക് ഒത്ത ശരീരമാകാന്‍ എന്തൊക്കെ വിധത്തിലുള്ള ഭക്ഷണങ്ങള്‍ ആഹാര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് നോക്കാം.

പാല്‍
ദിവസവും പാല്‍ കുടിക്കുന്നത് ആരോഗ്യസംരക്ഷണം ഉറപ്പുവരുത്താന്‍ സഹായിക്കും. കൊഴുപ്പേറിയ പാലാണ് മെലിഞ്ഞ പ്രകൃതക്കാര്‍ക്ക് ഗുണം. ഇത് എല്ലിനും പല്ലിനും മസിലിനുമൊക്കെ വേണ്ട കാല്‍സ്യവും പ്രോട്ടീനും പ്രദാനം ചെയ്യുന്നതിനാല്‍ പാല്‍ ഡയറ്റ് ചാര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്.പാലിലുള്ള പ്രോട്ടീന്‍ അമിതവണ്ണമായി മാറില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അതുകൊണ്ട് തന്നെ നല്ല വിധത്തിലുള്ള തടി വര്‍ധിപ്പിക്കാന്‍ പാല്‍ ഗുണകരമാണ്.

നേന്ത്രപ്പഴം
ഈ ഫലവര്‍ഗം നമുക്ക് എളുപ്പം ഫലം തരുന്ന ഒന്നാണ്. ദിവസവും ഒരു നേന്ത്രപ്പഴം കഴിക്കുന്നത് തടി കൂടാന്‍ സഹായിക്കും. നന്നായി പഴുത്ത പഴം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് പഴുവിന്‍ നെയ്യില്‍ വാട്ടി കഴിക്കുന്നത് എളുപ്പം തടിയും തൂക്കവും സ്റ്റാമിനയും വര്‍ധിപ്പിക്കാന്‍ സഹായിക്കും.

വെണ്ണയും നെയ്യും
പഴമക്കാര്‍ സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന ഒന്നാണ് വെണ്ണയും നെയ്യും. പോഷക സമ്പുഷ്ടമായ വെണ്ണയും നെയ്യും ആരോഗ്യകരമായ കൊഴുപ്പ് കൂടിയാണ് പ്രദാനം ചെയ്യുന്നത്. ഇത് കരുത്തും ആരോഗ്യവും വര്‍ധിപ്പിക്കും. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും നല്ല പ്രോട്ടീന്‍ ലഭിക്കാനും വെണ്ണ ഗുണം ചെയ്യും. കഴിക്കുന്ന ഭക്ഷണത്തില്‍ കുറഞ്ഞ അളവില്‍ സ്ഥിരമായി വെണ്ണയും നെയ്യും ഉള്‍പ്പെടുത്തുന്നത് മെലിഞ്ഞുണങ്ങിയ ശരീര പ്രകൃതം ഇല്ലാതാക്കുന്നു.

പീനട്ട് ബട്ടര്‍
പീനട്ട് ബട്ടര്‍ മെലിഞ്ഞവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇരുപത് ശതമാനം അമിനോ ആസിഡുകളാണ് പീനട്ട് ബട്ടറില്‍ അടങ്ങിയിരിക്കുന്നത്. പ്രോട്ടീന്‍ കലവറ കൂടിയായ ഈ ഭക്ഷണം മസിലുകളുടെ വികാസത്തിനും തടിയും തൂക്കവും വര്‍ധിക്കാന്‍ സഹായിക്കുന്നു.

ഇറച്ചി
ചിക്കന്‍ അടക്കമുള്ള ഇറച്ചി സാധാരണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രോട്ടീന്‍ കാര്യമായ തോതില്‍ ലഭിക്കാന്‍ സഹായിക്കും. എന്നാല്‍ ഇറച്ചി കഴിക്കുന്ന രീതി എപ്പോഴും ശ്രദ്ധിക്കണം. പേശികള്‍ക്ക് ശക്തിവര്‍ധിപ്പിക്കാനും തൂക്കം വര്‍ധിപ്പിക്കാനും ഇറച്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി സാധിക്കും. എന്നാല്‍ പൊരിച്ചും എണ്ണയില്‍ വറുത്തും കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ചീത്ത കൊളസ്‌ട്രോള്‍ വര്‍ധിക്കാന്‍ ഇത് ഇടയാക്കും.

Related Articles

Latest Articles