Tuesday, May 14, 2024
spot_img

ടെലിവിഷന്‍ അവതാരക മെറിന്‍ ബാബുവിന്റെ മരണം; മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ മാതാപിതാക്കള്‍; പോലീസ് ആന്വേഷണം ആരംഭിച്ചു

ആലപ്പുഴ: ടെലിവിഷന്‍ അവതാരകയും മുന്‍ മിസ് കേരള മത്സരാര്‍ഥിയുമായിരുന്ന മെറിന്‍ ബാബുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ മെറിന്റെ മാതാപിതാക്കള്‍ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ ദിവസം മെറിന്റെ മാതാപിതാക്കളില്‍നിന്ന് പോലീസ് മൊഴിയെടുത്തു. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. കഴിഞ്ഞ നവംബര്‍ ഒന്‍പതിനാണ് എറണാകുളം വരാപ്പുഴ സ്വദേശിനിയും ആലപ്പുഴയിലെ സ്വകാര്യ കാര്‍ ഷോറൂമിലെ ക്വാളിറ്റി മാനേജരുമായിരുന്ന മെറിനെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തിരൂര്‍ സ്വദേശിയും ബാങ്ക് ഉദ്യോഗസ്ഥനുമായ ഭര്‍ത്താവ് അഭിലാഷിനൊപ്പം ആലപ്പുഴയിലാണ് മെറിന്‍ താമസിച്ചിരുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്നായിരുന്നു പോലീസ് കണ്ടെത്തല്‍. എന്നാല്‍, മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തിനു തലേന്ന് വിളിച്ചപ്പോള്‍ അവള്‍ സന്തോഷത്തിലായിരുന്നെന്നും മാതാവ് എലിസബത്ത് ബാബു പറഞ്ഞു.

മകള്‍ക്ക് അപകടമുണ്ടായെന്നാണ് ആദ്യം അറിയിച്ചത്. സംഭവശേഷം മകളുടെ ഫോണും മറ്റും തിരികെ നല്‍കാത്തതും സംശയത്തിനിടയാക്കുന്നു. മൃതശരീരത്തിലുണ്ടായിരുന്ന മുറിവുകളെപ്പറ്റിയും കാര്യമായ അന്വേഷണം പോലീസ് നടത്തിയില്ല. തങ്ങളുടെ മൊഴിയെടുത്തത് സിവില്‍ പോലീസ് ഓഫീസര്‍മാരായിരുന്നെന്നും എലിസബത്ത് പറയുന്നു.

മൃതദേഹ പരിശോധന റിപ്പോര്‍ട്ടും മഹസറും കിട്ടാന്‍ താമസിച്ചതിനാലാണ് പരാതി നല്‍കാന്‍ വൈകിയത്. മുഖ്യമന്ത്രിക്കും റേഞ്ച് ഐജിക്കും പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നതായും എലിസബത്ത് പറഞ്ഞു. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കൈമാറിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി കെഎംടോമി അറിയിച്ചു.

Related Articles

Latest Articles